പൊൻകുന്നം: സീലിംഗ് ഫാൻ വൈൻഡിംഗ് മെഷീൻ സ്വയം നിർമിച്ച് കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ച് ഒരു യുവാവ്.
ഇലക്ട്രീഷനായ എലിക്കുളം ഉരുളികുന്നം കല്ലുക്കുന്നേൽ രതീഷ്കുമാറാണ് സ്വന്തം ജീവിതോപാധിക്കുള്ള ഉപകരണങ്ങൾ സ്വന്തമായി നിർമിച്ച് ശ്രദ്ധേയനാകുന്നത്.
കഴിഞ്ഞ ലോക്ഡൗൺ കാലം മുതൽ രതീഷിന്റെ പണി കുറഞ്ഞു. കാരണം രതീഷ് വീടുകളിലെത്തിയായിരുന്നു ജോലി ചെയ്തിരുന്നത്.
ഒടുവിൽ ഒരു മുറി വാടകയ്ക്കെടുത്തു. മുറിയിൽ ഇരിക്കുവാനുള്ള കസേര മുതൽ വില കൊടുത്തു വാങ്ങണം. സാമ്പത്തിക ഞെരുക്കം വലച്ചു.
ഇരുമ്പു കൊണ്ട് മേശയും കസേരയും സ്വയം പണിതു. അത്യാവശ്യം ഇലക്ട്രീഷൻ ജോലികൾ ഒക്കെ കിട്ടിത്തുടങ്ങി. അപ്പോഴാണ് ഒരു ഇലക്ട്രീഷന്‍ അത്യാവശ്യം വേണ്ട സീലിംഗ് ഫാൻ വൈൻഡിംഗ് മെഷീനെക്കുറിച്ച് ചിന്തിച്ചത്.
കേരളത്തിൽ നിർമിക്കുന്നില്ലാത്ത ഈ മെഷീൻ അന്യസംസ്ഥാനത്തു നിന്ന് വരുത്തണം. വിലയാകട്ടെ 30,000 ത്തിന് മുകളിലാവും.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അതിന് വഴിയില്ല. അങ്ങനെയാണ് ഈ മെഷീനും നിർമിക്കുന്നതിലേക്കെത്തിയത്.
ഒടുവിൽ യൂ ട്യൂബ് സഹായത്തോടെ ആറു മാസം കൊണ്ട് രതീഷ് ഇലക്ട്രോണിക് വൈൻഡിംഗ് മെഷീനും നിർമിച്ചു. ഇപ്പോൾ ഇത് പ്രവർത്തന സജ്ജവുമാണ്. നിർമാണ ചിലവ് പതിനായിരത്തിൽ താഴെയും.
ഇതുകൂടാതെ പുല്ലുവെട്ടിയും, പിവിസി പൈപ്പു കൊണ്ടുള്ള ഫാൻസി ലൈറ്റുകളും നിർമിച്ചിട്ടുണ്ട്. എല്ലാ പിന്തുണയുമായി ഭാര്യ രഞ്ജിനിയും രണ്ടാം ക്ലാസുകാരനായ മകൻ ദേവസൂര്യനും ഒപ്പമുണ്ട്.