ചേർത്തല: അപൂർവമായൊരു വിവാഹത്തിനാണ് ഇന്നലെ ചേർത്തല കളവംകോടം ശക്തീശ്വരം ക്ഷേത്രം വേദിയായത്. വീൽചെയറുകളിലിരുന്നു പ്രണയിച്ച രണ്ടു ഹൃദയങ്ങൾ ഒന്നായപ്പോൾ അവരുടെ വിവാഹത്തിനു അവസരമൊരുക്കിയത് സമാന വേദന അനുഭവിക്കുന്ന അവരുടെ സൗഹൃദകൂട്ടായ്മയായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ രതീഷും ആലപ്പുഴ വണ്ടാനം സ്വദേശിനിയായ രേഖയുമാണ് ഇന്നലെ വിവാഹത്തിലൂടെ ഒന്നിച്ചത്.
വീൽചെയറുകളിലിരുന്നു മിന്നു കെട്ടിയ ഇവരുടെ മംഗല്യത്തിനു സാക്ഷികളായി വീൽ ചെയർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമുണ്ടായിരുന്നു. പത്തനംതിട്ട റാന്നി ഇടമണ്‍ നടേക്കാവിൽ ശാന്തമ്മയുടെ മകനാണ് രതീഷ്. വണ്ടാനം ചിറക്കാടി ആനന്ദവല്ലിയുടെ മകളാണ് രേഖ. ഒരു വർഷം മുന്‍പ് അവിചാരിതമായി പരിചയപെട്ട ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു.
ഒടുവിൽ സ്വന്തം വേദന ഇരുവരും ജീവിതത്തിൽ പങ്കിടാൻതന്നെ തീരുമാനിക്കുകായിരുന്നു. നന്നേ ചെറുപ്പത്തിൽതന്നെ കാലുകൾക്കു പ്രശ്നമായതാണ് രേഖക്ക്. ഓട്ടോ ഡ്രൈവറായിരുന്ന രതീഷിനു വീഴ്ചയിൽ പരിക്കേറ്റാണ് വീൽചെയർ ഉപയോഗിക്കേണ്ടി വന്നത്. ഓട്ടോയിൽ പ്രത്യേക സജ്ജീകരണങ്ങൾ ചെയ്ത് ഓട്ടോ ഓടിച്ചു തന്നെയാണ് ജീവിക്കുന്നത്. ഇരുവരുടെയും മനസു കണ്ട സമാന വേദനയനുഭവിക്കുന്ന വീൽചെയർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് ഇരുവരെയും ഒരുമിപ്പിച്ചത്.
രണ്ടുകൂട്ടരുടെയും വീട്ടുകാരെ ഉൾ്പ്പെടുത്തി ലളിതമായിരുന്നു വിവാഹം. രേഖയുടെ അമ്മാവൻ രാമചന്ദ്രൻ കൈപിടിച്ചു നല്കി. അസോസിയേഷൻ ഭാരവാഹികളായ അജിത്കുമാർ കൃപാലയം, ജയകൃഷ്ണൻ വലിയ കലവൂർ, ജോസഫ് ചാക്കനാട്ട് തുടങ്ങിയവരാണ് വീട്ടുകാർക്കൊപ്പം പങ്കെടുത്തത്.