സോഷ്യല്‍മീഡിയയുടെ കരുത്തില്‍ മറ്റൊരു സമരം കൂടി ജനം ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് കസ്റ്റഡിയില്‍ കൊല ചെയ്യപ്പെട്ട അനുജന്റെ ഘാതകരായ പോലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരത്തിനാണ് സോഷ്യല്‍മീഡിയ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗിലാണ് ഓണ്‍ലൈന്‍ കാമ്പയിന്‍.
മനുഷ്യാവകാശങ്ങള്‍ക്കോ സ്ത്രീസുരക്ഷയ്‌ക്കോ വേണ്ടി പോരാടുന്നവരാരും ശ്രീജിത്തിനെ തിരിഞ്ഞുനോക്കാന്‍ തയാറായില്ലെന്നാണ് സോഷ്യല്‍മീഡിയ പ്രധാനമായും ആരോപിക്കുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയുടെ ആ ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകനും നിഴലാട്ടം സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകനുമായ രതീഷ് രോഹിണി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രതീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ശ്രീജിത്തിന്റെ വിഷയത്തില്‍ ഇടപെട്ടില്ലേ എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി
തിരുവന്തപുരത്തു എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കിട്ടുന്ന ഹോട്ടലുകളില്‍ ഒന്നാണ് സെക്രട്ടറിയേറ്റിനു മുന്നിലുള്ള സ്റ്റാച്യു ഹോട്ടല്‍. ഞാന്‍ ആ ഹോട്ടലില്‍ കയറിയിട്ട് ഇപ്പോള്‍ ഏതാണ്ട് ഒന്നര വര്ഷം കഴിഞ്ഞുകാണും. ഭക്ഷണത്തിന്റെ പോരായ്മ കൊണ്ടല്ല പോകാത്തത് കാരണം മറ്റൊന്നാണ് നമ്മളിവിടിരുന്നു സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോള്‍ ഒരു റോഡിനപ്പുറത്തു കുറെ മനുഷ്യക്കോലങ്ങളിങ്ങനെ ആ രാജവീഥിയുടെ ഓരത്തു പുഴുക്കളെപോലെ മഴയും, വെയിലും, മഞ്ഞും, നിരന്തരംനടക്കുന്ന സമരങ്ങളുടെ ബാക്കി പത്രമായ ടിയര്‍ ഗ്യാസിന്റെ പുകയും ജലപീരങ്കി കാര്‍ക്കിച്ചുതുപ്പുന്ന മലിനജലവും കുടിച്ചിങ്ങനെകിടക്കുമ്പോള്‍ നമുക്കെങ്ങനെ ചൂട് പെറോട്ടയില്‍ കോഴിക്കറി മുക്കി കഴിക്കാന്‍ കഴിയും. നമുക്കെങ്ങനെ പല്ലിടകുത്തിക്കൊണ്ട് , നിറഞ്ഞവയറിനെ തടവി കടന്നുപോകാന്‍ കഴിയും. കഴിയില്ല മനുഷ്യ ജന്മത്തില്‍ പിറന്ന ഒരാള്‍ക്കും കഴിയില്ല. എനിക്കും കഴിയില്ല.
ഇനി ശ്രീജിത്തിലേയ്ക് വരാം
ഈ ചിത്രം ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയതാണ്. പകര്‍ത്തിയ ദിവസം 2017 മാര്‍ച്ച് 8. ബാനറില് സമരത്തിന്റെ ദിവസം നോക്കുക . ഇന്നലെ മുതല്‍ ഈ കാണുന്ന ഈ സോഷ്യല്‍ മീഡിയ വിപ്ലവും ഉണ്ടാകുന്നതിനു മുന്‍പ് തന്നെയാണ് ഈ വിഷയത്തില്‍ ശ്രീജിത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പാര്‍വതി ചേച്ചിയോടൊപ്പം ഒപ്പം ചേര്‍ന്നത്. അന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഒപ്പം ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ പങ്കെടുക്കണെമന്നു പറഞ്ഞു ഒരു പോസ്റ്റ് ഇട്ടപ്പോള്‍ അവിടെ കൂടിയ നവമാധ്യമ ആക്ടിവിസ്റ്റുകള്‍ എത്രയെന്നു പരിശോധിക്കപ്പെടേണ്ടതാണ്.
ശ്രീജിത്തിന് നീതി കിട്ടിയേ മതിയാകു ഒരു തര്‍ക്കവുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഈ സഹാനുഭൂതിയുടെ പിന്നില്‍ എന്താണെന്നു മനസിലാകുന്നില്ല. ശ്രീജിത്തിന്റെ അനുജന്റെ കൊലപാതകം നടക്കുന്നത് യൂഡിഎഫ് ഭരണത്തിലാണ്. അന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ചു എന്നാണ്. മനുഷ്യന്റെ വേര്പാടിന് പകരം എത്ര ലക്ഷം നല്‍കിയാലും മതിയാവില്ല എന്നറിഞ്ഞുകൊണ്ടു പറയുന്നു തുടരന്വേഷണം നടത്താന്‍ എല്‍ ഡി എഫ് ഗവര്‍മെന്റ് ഇടപെടുമെന്നു പ്രതീക്ഷിക്കുന്നു, മറ്റൊന്ന് കഥയറിയാതെ ആട്ടം കാണുന്നവര്‍ വല്ലപ്പോഴും പൊരിവെയിലത്തുകൂടി നടന്നു ഇവരിലേക്ക് ഇറങ്ങി ചെല്ലാന്‍ വല്ലപ്പോഴുമൊക്കെ ശ്രമിക്കണം.
നിരന്തരം നീതി നിഷേധിക്കുന്ന ഈ നാട്ടില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന നിറഞ്ഞ വിശ്വാസമുള്ളവനാണ് ഞാന്‍. അതുകൊണ്ടാകണം അന്ന് അതവിടെ നിര്‍ത്തിയത്. പത്തു ചിറകും, ആയിരം തലയുമുണ്ടെന്നു അഹങ്കരിച്ചുനടന്ന എനിക്ക് തന്നെ ഇത്തരത്തിലുള്ള മനുഷാവകാശലംഘനങ്ങള്‍ നിരവധി തവണ നടന്നു, ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍, ഒന്നുകില്‍ പ്രതികരിക്കുക, അല്ലങ്കില്‍ മരിക്കുക,. ഇവിടെ ഇതേനടക്കൂ,..വൈകിയാണെങ്കിലും ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എല്ലാ നവ മാധ്യമ സുഹൃത്തുക്കള്‍ക്കും അഭിവാദ്യങ്ങള്‍. മറ്റൊന്ന് ഇനി എന്നില്‍ നിന്നും ഒരുതരത്തിലുള്ള പ്രതികരണ ശബ്ദവും ഉയരില്ല കാരണം എനിക്ക് ഈ വ്യവസ്ഥിതിയെ പേടിയാണ്, നമ്മള്‍ കൊല്ലപ്പെടും…?