സ്വന്തം ലേഖകൻ
തൃശൂർ : രതീഷ് വരവൂർ എന്ന ചെറുപ്പക്കാരന് മോണോആക്ട് ശബ്ദം കൊണ്ടുള്ള വെറും കല മാത്രമല്ല അതൊരു ആയുധം കൂടിയാണ് – ലോകത്തെ മുഴുവൻ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള മഹായുദ്ധത്തിനുള്ള വജ്രായുധം.
എല്ലാവർക്കും മോണോ ആക്ട് കലയാണ്, രസിച്ചു കണ്ടിരിക്കാനുള്ള ഒരു കലാപ്രകടനമാണ്. എന്നാൽ അതുക്കും മേലെയാണ് രതീഷ് വരവൂർ എന്ന ഈ തൃശൂർ ജില്ലക്കാരന്റെ ആന്റി നാർക്കോട്ടിക് മോണോ ആക്ട്. ഏകാംഗാഭിനയത്തിലൂടെ മയക്കുമരുന്ന് നെറ്റ്വർക്കിനെതിരെ അങ്കം വെട്ടുകയാണ് രതീഷ് വരവൂർ.
യുവതലമുറയെ അടക്കം കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ മോണോആക്ട്മായി 500 ലേറെ വേദികൾ പിന്നിട്ട് ലോക റിക്കാർഡിൽ സ്ഥാനം പിടിച്ചു കഴിയുമ്പോഴും തന്റെ ദൗത്യം പൂർത്തിയായിട്ടില്ല തുടങ്ങിയിട്ടേയുള്ളൂ എന്ന് രതീഷ് പറയുന്നു. യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ലോക റിക്കാർഡ് നേടിയ ലഹരി വിരുദ്ധ മോണോആക്ട് ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.
2021 ൽ നടന്ന കേരളോത്സവത്തിൽ അഞ്ചു മിനുട്ട് ദൈർഘ്യം വരുന്ന ഏകാഭിനയത്തിലൂടെയായിരുന്നു തുടക്കം .കൂടുതൽ പരിഷ്ക്കരിച്ച ഭാഗങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഈ മിഷൻ ഏറ്റെടുക്കുകയായിരുന്നു. 2022 ഗാന്ധി ജയന്തി ദിനത്തിൽ സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരവൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്നാണ് രതീഷ് തന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
പിന്നീട് സ്കൂളുകൾ, കോളജുകൾ, കലാസാംസ്ക്കാരിക സംഘടനകൾ, മറ്റു യുവജന പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഉത്സവ പറമ്പുകൾ, ആരാധനലയങ്ങൾ, എൻജിഒ യൂണിയനുകൾ,തുടങ്ങി കേരളത്തിനകത്തും പുറത്തും മയക്കുമരുന്ന് വിരുദ്ധ മോണോ ആക്ട് അവതരിപ്പിക്കപ്പെട്ടു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിമാഫിയ സംഘങ്ങളുടെ ചതിയിൽ പെട്ടുപോകുന്ന ഒരു പാവം വിദ്യാർത്ഥിയുടെ ജീവിതവും തുടർന്നുണ്ടാകുന്ന പരിണിതഫലവും തിരിച്ചറിവും പ്രമേയമാകുന്ന 30 മുതൽ 40 മിനുട്ട് വരെ ദൈർഘ്യമുള്ളതാണ് രതീഷിന്റെ ഈ ഏകാഭിനയം. മോണോ ആക്ടിനു പുറമേ വിവിധ കലകളിലും രതീഷ്പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
യുആർഎഫ് വേൾഡ് റിക്കാർഡ്,ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ഈ മോണോആക്ടിനെ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ ചേലംചങ്കരത്ത് ഭാസ്കരൻ നായരുടെയും വിജയലക്ഷ്മിയുടെയും രണ്ടു മക്കളിൽ മൂത്ത മകനാണ് രതീഷ്. ഭാര്യ സൗമ്യ. മകൻ ധ്രുവ്.
താൻ അവതരിപ്പിക്കുന്ന മയക്കുമരുന്ന് വിരുദ്ധ മോണോ ആക്ട് കണ്ട് ഒരാളെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് തിരിച്ചു നടന്നാൽ അതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമെന്ന് പറയുന്നു. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രതീഷ് അഭിമാനത്തോടെ പറയുന്നു.