മുണ്ടക്കയം: ലോക് ഡൗണ്‍ കാലത്ത് സജീവമായി സാമൂഹിക പ്രവർത്തനം നടത്തിയ രതീഷിന്റെ മരണവാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
ഇന്നലെയാണ് ബീഹാറിലെ പാറ്റ്നയിൽ മുണ്ടക്കയം വണ്ടൻപതാൽ ഗ്രീൻ നഗറിൽ പുളിമൂട്ടിൽ ഭാസ്കരന്റെ മകൻ രതീഷിനെ (40) താമസസ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന രതീഷ് ഏതാനും നാളുകൾക്കു മുന്‍പാണ് വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിയത്.
ലോക്ക് ഡൗണ്‍ കാലത്ത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ രതീഷ് മുൻപന്തിയിലുണ്ടായിരുന്നു. എല്ലാദിവസവും രതീഷ് വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ രതീഷിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാത്തതിനെ തുടർന്ന്, രതീഷിന്റെ ഭാര്യ ജിൻസി സുഹൃത്തുക്കളെ വിളിച്ച് വിവരം തിരിക്കുകയായിരുന്നു.
പാറ്റ്നയിലുള്ള മലയാളി സുഹൃത്തുക്കളും വീട്ടുടമസ്ഥനും നടത്തിയ തെരച്ചിലിൽ രതീഷിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നു വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് വിലയിരുത്തുന്നത്. രതീഷിന്റെ മാതാവ് പുഷ്പ. ഭാര്യ: ജിൻസി രതീഷ്. മക്കൾ: അർച്ചന, അക്സ, സിയാൻ.