വയനാട്: പോക്സോ കേസിൽപെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രതിന്റെ ഓട്ടോറിക്ഷ പുഴയ്ക്കരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി സിഎച്ച് റസ്ക്യൂ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു.
പിന്നീട് പോലീസ് സ്ഥലത്തെത്തുകയും കേസ് എടുക്കുകയുമായിരുന്നു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസ് വിശദീകരിക്കുന്നനത്.
അതേസമയം, പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. രതിൻ മരിക്കുമെന്ന സൂചന നൽകിയതായും മരണ കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു