കോട്ടയം: തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വർത്തമാനവും തമാശകളും പറഞ്ഞ്, തട്ടുകടയിൽ കയറി കടുംകാപ്പിയും കുടിച്ച് , കടലയും കൊറിച്ച് നഗരത്തിന്റെ വിവിധ റോഡുകളിലൂടെ സധൈ ര്യം അവർ നടന്നു. ഒരുമിച്ചുനടന്ന് പൊതുഇടങ്ങൾ തങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് സ്ത്രീകൾ തെളിയിച്ചു. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ‘പൊതു ഇടം എന്റേതും’ എന്ന പേരിൽ ഇന്നലെ ജില്ലയിലെ ആറു നഗരകേന്ദ്രങ്ങളിൽ രാത്രി നടത്തം നടന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സധൈര്യം മുന്നോട്ട് എന്ന പേരിൽ വനിതാ ശിശു വികസന വകുപ്പ് നിർഭയ ദിനമായ ഇന്നലെ രാത്രി 11 മുതൽ ഇന്നു പുലർച്ചെ ഒന്നു വരെ സ്ത്രീകൾക്കായി നിർഭയം നടക്കാൻ അവസ രമൊരുക്കിയത്. കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം എന്നീ ആറു മുനിസിപ്പാലിറ്റികളിലെ നഗരമധ്യത്തിൽ നിന്നും 28 കേന്ദ്രത്തിലേക്കാണ് വനിതകൾ നടന്നത്. നടത്തം അവസാനിച്ചതിനുശേഷം പൊതുസമ്മേളനവും കലാപരിപാടികളും നടത്തി.
കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ നിന്നും എസ്എൻ ജംഗ്ഷന്, കെഎസ്ആർടിസി, സിഎംഎസ് കോളജ്, ചിൽഡ്രൻസ് ലൈബ്രറി, ബസേലിയസ് കോളജ് ജംഗ്ഷൻ എന്നിവിടങ്ങളിലേക്കാണ് നടന്നത്. റ്റുമാനൂരിൽ ബസ് സ്റ്റാൻഡിൽ നിന്നും എസ്എഫ്എസ് റോഡ്, പാലാ റോഡ്, നീണ്ടൂർ റോഡ് എന്നിവിടങ്ങളിലേക്കും പാലായിൽ മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ചെത്തിമറ്റം, ഞൊണ്ടിമാക്കൽ കവല, പുത്തൻപള്ളി, മുണ്ടുപാലം, ആർവി ജംഗ്ഷൻ, സെന്റ് തോമസ് കോളജ്, മുരിക്കുംപുഴ എന്നിവിടങ്ങളിലേക്കും നടന്നു.
ചങ്ങനാശേരിയിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആലപ്പി ജംഗ്ഷൻ, സന്താന ഗോപാല ക്ഷേത്രം ജംഗ്ഷൻ, വട്ടപ്പള്ളി ജംഗ്ഷൻ, എസ്ബി. കോളജ്, അരമനപ്പടി എന്നിവിടങ്ങളിലേക്കും വൈക്കത്ത് സത്യാഗ്രഹ സ്മാരകത്തിൽ നിന്നും കച്ചേരിക്കവല, ആശ്രമം സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ലിങ്ക് റോഡ്, കൊച്ചുകവല എന്നിവിടങ്ങളിലേക്കും ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മുട്ടം ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുമാണ് നടന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി മഫ്തി പോലീസിന്റെ സേവനമുണ്ടായിരുന്നു. എല്ലാ കേന്ദ്രങ്ങളിലും നിരവധി വനിതകൾ രാത്രി നടത്തത്തിനായി എത്തിയിരുന്നു.