സ്വന്തം ലേഖകൻ
തൃശൂർ: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വ്യാഴാഴ്ച തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തും. ദേശീയ മൽസ്യത്തൊഴിലാളി സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തുന്നത്. രാവിലെ ഒന്പതിനാണ് ഫിഷർമെൻ പാർലമെന്റ് എന്ന പേരിലുള്ള സമ്മേളനം.
അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോക്സഭയുടെ അംഗസംഖ്യയായ 543 പ്രതിനിധികൾ പങ്കെടുക്കും. 29 സംസ്ഥാനങ്ങളിൽനിന്നും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കും. നൂറു സൗഹൃദ പ്രതിനിധികളും ഉണ്ടാകും. കൂടാതെ 2,500 പേർ സന്ദർശകരായി സ്റ്റേഡിയത്തിൽ രാവിലെ എട്ടുമണിയോടെ എത്തും.
കേരളം, തമിഴ്നാട്, കർണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പ്രതിനിധികൾ പങ്കെടുക്കും. മൽസ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവലാതികളും ചർച്ചചെയ്യാൻ ഇത്തരമൊരു പാർലമെന്റ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്റ്റിൻ ഗോമസ്, ജോസ് വള്ളൂർ, എ.എം. അലാവുദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.