തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനർഹരെ ഒഴിവാക്കി അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള സർക്കാർ നീക്കമാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.
സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷൻ കാർഡ് ഉടമകൾ കഴിഞ്ഞ ആറ് മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്സൈറ്റിൽനിന്ന് മനസിലായിട്ടുണ്ട്.
ഇവരുടെ മുൻഗണനാ പദവിയുടെ അർഹത പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻഗണനാ പദവി ഉണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്സാക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇവരുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇത്തരത്തിൽ റേഷനും അതിജീവന കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷൻ കടകളിലും വില്ലേജ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്കു നോട്ടീസ് നൽകി അവർക്കു പറയാനുള്ളതു കണക്കിലെടുത്തു മാത്രമേ തീരുമാനമെടുക്കൂയെന്നും അറിയിച്ചു.