കാഞ്ഞിരപ്പള്ളി: റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാത്തവർക്ക് മേയ് മാസം മുതൽ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കില്ലെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം അന്തിമ മുൻഗണനാ പട്ടിക തയാറാക്കുന്ന നടപടികൾ നടന്നു വരികയാണ്. മുൻഗണനാ പട്ടികയിൽ വരുന്ന കാർഡുകളിലും സംസ്ഥാന സർക്കാരിന്റെ സബ്സ്ഡി ലഭിക്കുന്ന വിഭാഗം റേഷൻകാർഡിലും ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം.
മുൻഗണനേതര വിഭാഗത്തിൽപ്പട്ടവർ റേഷൻ കാർഡ് ഉടമയുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം. താലൂക്കിൽ ആകെ 138 റേഷൻ കടകളാണുള്ളത്. 68811 റേഷൻ കാർഡുകളാണ് താലൂക്കിൽ ഉള്ളത്. 5195 എഎവൈ കാർഡുകൾ ഉൾപ്പടെ 28136 മുൻഗണനാ കാർഡുകളുമാണുള്ളത്. 271321 പേരാണ് കാർഡുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള ദീർഘിപ്പിച്ച കാലാവധി കഴിഞ്ഞിരിക്കേ 42000 ലധികം പേരുടെ ആധാർ നമ്പരുകൾ ഇനിയും ലിങ്ക് ചെയ്യാനുണ്ടെന്ന് സപ്ലൈ ഓഫീസർ എം.പി. ശ്രീലത അറിയിച്ചു.
ഒക്ടോബർ 20ന് പ്രസിദ്ധീകരിച്ച കരട് മുൻഗണനാ പട്ടിക മാനദണ്ഡമാക്കിയാണ് ഇപ്പോൾ റേഷൻ വിതരണം ചെയ്യുന്നത്. ഇതിന്റെ കാലാവധി ഏപ്രിൽ 30ന് അവസാനിക്കും. ഗ്രാമ സഭകൾ അംഗീകരിച്ച മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും മേയ് മാസം ഒന്നു മുതൽ റേഷൻ വിതരണം നടത്തുക.
മേയ് 15 മുതൽ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങും. ഇനിയും ആധാർ നമ്പരുകൾ ലിങ്ക് ചെയ്യാത്തവർ ഉടൻ സപ്ലൈ ഓഫീസിലോ റേഷൻ കടകളിലോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. ആധാർ നമ്പർ നൽകാത്തവരുടെ വിവരങ്ങൾ എല്ലാ റേഷൻ കടകളിലും ലഭ്യമാണ്.
എഎവൈ കാർഡിന് മാസം 28 കിലോഗ്രാം അരിയും, ഏഴു കിലോഗ്രാം ഗോതമ്പും ഉൾപ്പടെ 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായ ലഭിക്കും. മുൻഗണനാ പട്ടികയിൽപ്പെട്ട കാർഡുകളിലെ ഒരംഗത്തിന് നാലു കിലോഗ്രാം അരി, ഒരു കിലോ ഗ്രാം ഗോതമ്പും ഉൾപ്പടെ അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യമാണ് സൗജന്യമായി ലഭിക്കുന്നത്.
മുൻഗണനേതര വിഭാത്തിൽപ്പെട്ടവർക്ക് കാർഡ് ഒന്നിന് നാലു കിലോഗ്രാം അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും നാലു കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 6.70 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ സബ്സിഡി പ്രകാരം രണ്ടു രൂപ നിരക്കിൽ അരി ലഭിക്കുന്ന കാർഡുകളിലെ ഒരംഗത്തിന് രണ്ടു കിലോഗ്രാം അരിവീതം ലഭിക്കും.