ബെന്നി ചിറയിൽ
ചങ്ങനാശേരി: 20 ലക്ഷം വെള്ള റേഷൻ കാർഡുകൾക്കു സംസ്ഥാനത്തു മണ്ണെണ്ണയും സ്പെഷൽ പഞ്ചസാരയുമില്ല. സൗജന്യ ഓണക്കിറ്റ് ഉണ്ടോയെന്നും വ്യക്തതയില്ല. പച്ചരി ചില കടകളിൽ മാത്രമേ വിതരണത്തിന് എത്തിയിട്ടുള്ളൂ. സംസ്ഥാനത്തെ നോണ്‍ പ്രയോറിറ്റി, നോണ്‍ സബ്സിഡി വിഭാഗത്തിൽപെട്ട 20 ലക്ഷം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ നൽകേണ്ടതില്ലെന്നു കഴിഞ്ഞ രണ്ടിനാണ് റേഷനിംഗ് കണ്ട്രോളർ ഉത്തരവിറക്കിയത്.
കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരുന്നു. ലഭിച്ച വിഹിതത്തിൽ ഇനി മിച്ചമുള്ളത് 1,404 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ്. ഇതു മുഴുവൻ കാർഡുടമകൾക്കു നൽകാൻ തികയാത്തതിനാലാണ് വെള്ള കാർഡുടമകൾക്കു നൽകേണ്ടതില്ലെന്നു തീരുമാനിച്ചതെന്നാണ് റേഷനിംഗ് കണ്‍ട്രോളറുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ, പ്രത്യേക സമയങ്ങളിൽ വിതരണം ചെയ്യാനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 10,476 കിലോ ലിറ്റർ മണ്ണെണ്ണ അധിക വിഹിതമായി സബ്സിഡിയില്ലാതെ കേന്ദ്രം സംസ്ഥാനത്തിനു നൽകിയിട്ടുണ്ട്.
ഈ മണ്ണെണ്ണ ഓണം ഫെസ്റ്റിവൽ പരിഗണിച്ചു വെള്ള കാർഡുകൾക്കു വിതരണംചെയ്യാം. സർക്കാർ കൈവശം 10,476 കിലോ ലിറ്റർ മണ്ണെണ്ണ ഉണ്ടായിട്ടും വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച നടപടി പ്രതിഷേധാർഹമാണെന്നു റേഷൻ ഡീലേഴ്സ് കോണ്‍ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. റേഷൻ മണ്ണെണ്ണയ്ക്കു ലിറ്ററിന് 37 രൂപയും സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയ്ക്ക് 42 രൂപയുമാണ് നിലവിലുള്ള വില.
വില ഏകീകരണത്തിന്റെ പേരിൽ മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയിലധികം ഉപഭോക്താവിൽനിന്ന് എല്ലാ മാസവും കൂട്ടിവാങ്ങുന്ന സംസ്ഥാന സർക്കാർ നടപടി അനീതിയാണെന്നാണ് ഉപയോക്താക്കൾ പറയുന്നത്. വിളക്കു തെളിയിക്കാനും പാചക ആവശ്യത്തിനും കേന്ദ്രം നൽകുന്ന സബ്സിഡി മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകൾക്കു നൽകുന്നതിനെതിരേയും പ്രതിഷേധമുണ്ട്.
വെള്ള കാർഡിനു നൽകിവന്ന ഭക്ഷ്യവിഹിതത്തിലും സർക്കാർ കുറവു വരുത്തി. കഴിഞ്ഞ മാസം എട്ടു കിലോ ലഭിച്ചിരുന്നു എങ്കിൽ ഈ മാസം ഏഴു കിലോഗ്രാം മാത്രമേ ലഭിക്കൂ. മറ്റെല്ലാ വിഭാഗത്തിനും ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചിട്ടും റേഷൻ വ്യാപാരികളെ മാത്രം അവഗണിച്ചതിൽ റേഷൻ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.