കോട്ടയം: ജില്ലയിലെ വിവിധ സപ്ലൈ ഓഫീസുകളിലെത്തി നിരവധി സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണു റേഷൻ കാർഡിലെ ആനുകൂല്യങ്ങൾ റദാക്കുന്നത്. റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാത്ത സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓഗസ്റ്റിലെ ശന്പളവും പെൻഷനും തടയുമെന്ന പ്രഖ്യാപനം വന്നോതോടെയാണ് പലരും ആനുകൂല്യങ്ങൾ റദാക്കാൻ നിർബന്ധിതരായത്.
മാസം 28 കിലോ അരിയും ഏഴു കിലോ ഗോതന്പും സൗജന്യമായി കിട്ടുന്ന അന്ത്യോദയ പരമ ദരിദ്രവിഭാഗത്തിലും കാർഡു വാങ്ങിയെടുത്തിരുന്നു സർക്കാർ വേതനം പറ്റുന്നവർ. വിവിധ സപ്ലൈ ഓഫീസുകളിലായി 150 പെൻഷൻകാരും 140 ജീവനക്കാരും തങ്ങൾ ആനുകൂല്യത്തിന് അർഹരല്ലെന്ന ക്ഷമാപണവുമായി എത്തിക്കഴിഞ്ഞു. പെൻഷൻകാരിൽ 30 പേരും ജീവനക്കാരിൽ 20 പേരും പരമദരിദ്രവിഭാഗമായ അന്ത്യോദയ ആനൂകൂല്യങ്ങൾ പറ്റിയിരുന്നവരാണെന്നു കണ്ടെത്തി.
ഇന്നും നാളെയും ഇതിന്റെ കൂടുതൽ ആളുകൾ ആനുകൂല്യ കാർഡ് റദ്ദാക്കാൻ എത്തുമെന്നാണ് സൂചന. സൗനജ്യമായി റേഷൻസാധനങ്ങൾ ലഭിക്കുന്നതിനായി ഒട്ടേറെ പേർ മുൻഗണനാവിഭാഗ റേഷൻ കാർഡുകൾ തരപ്പെടുത്തിയെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും പെൻഷനും കുടുംബപെൻഷനും വാങ്ങുന്നവരും മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം 30നകം അറിയിച്ചു കാർഡ് തിരുത്തണമെന്നാണ് നിർദേശം.
റേഷൻ കാർഡിന്റെ പകർപ്പ്, ശന്പളം നൽകുന്ന ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫീസർക്കു നൽകണമെന്നാണ് നിർദേശം. പെൻഷൻ വാങ്ങുന്നവർ ട്രഷറിയിലോ ബാങ്കിലോ കാർഡിന്റെ പകർപ്പ് നൽകണം. ജീവനക്കാർക്കോ പെൻഷൻകാർക്കോ കാർഡ് ഇല്ലെങ്കിൽ ഇക്കാര്യം സത്യവാങ്മൂലമായാണു നൽകേണ്ടത്.
നാലുചക്ര വാഹനമുള്ളവരുടെ വിവരങ്ങൾ നൽകാൻ മോട്ടോർ വാഹനവകുപ്പിനോടും 1500രൂപയ്ക്കുമേൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവരുടെ പട്ടിക കൊടുക്കാൻ വൈദ്യുതി ബോർഡിനോടും ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. സിവിൽ സപ്ലൈസ് വകുപ്പിന്റെ വീഴ്ചമൂലം കാർഡ് ഇനിയും ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്. ഇവരുടെ ശന്പളം, പെൻഷൻ എന്നിവ കാർഡിന്റെ കോപ്പി നൽകാനാവാത്ത സാഹചര്യത്തിൽ അടുത്ത മാസം മുടങ്ങുമോ എന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.