എം.വി. അബ്ദുൾ റൗഫ്
ശ്രീകണ്ഠപുരം: വ്യാജ സത്യവാങ് നൽകി മുൻഗണാ വിഭാഗത്തിൽപ്പെട്ട കാർഡുകൾ കൈവശം വച്ചവർ ജാഗ്രതൈ! നിങ്ങളുടെ പിന്നാലെ സപ്ലൈ ഓഫീസ് സ്ക്വാഡുണ്ട്. അനധികൃത കാർഡ് ഉടമകളെ കണ്ടെത്താൻ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു.
താലൂക്ക് പരിധിയിൽ ഇതുവരെ നടന്ന പരിശോധനയിൽ 500 ഓളം എഎവൈ, മുൻഗണണ, പൊതുവിഭാഗം (സബ്സിഡി) റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയിനത്തിൽ 5,55000 രൂപ ഈടാക്കി.
പിടിക്കപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. സ്ക്വാഡുകൾ വീട്ടുകൾ കയറിയാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാൽ കാർഡുടമകൾ വാങ്ങിയ ഭക്ഷ്യധാന്യങ്ങൾക്ക് വിലയീടാക്കും. ഒരു കിലോ അരിക്ക് 40.20 രൂപയും ഗോതമ്പിന് 29.20 രൂപയുമാണ് ഈടാക്കുന്നത്.
കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും
തളിപ്പറമ്പ് താലൂക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ഐടി മേഖലയിൽ വൻ ശമ്പളം വാങ്ങുന്നവർ, ഏക്കർ കണക്കിന് ഭൂമിയുള്ളവർ, ആഡംബര നികുതി അടക്കുന്നവർ ഉൾപ്പെടെ നിരവധി പേരാണ് മുൻഗണന (പിങ്ക്കാർഡ്), എഎവൈ (മഞ്ഞ കാർഡ്), പൊതുവിഭാഗം സബ്സിഡി (നീല കാർഡ് ) റേഷൻ കാർഡുകൾ കൈവശം വച്ച് റേഷൻ സാധനങ്ങൾ അനർഹമായി കൈപ്പറ്റിയതായി കണ്ടെത്തിയത്.
പൂക്കോത്ത്തെരുവിൽ എസി ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില വീടിന്റെ ഉടമ വർഷങ്ങളായി കൈപ്പറ്റിയത് മുൻഗണനാ കാർഡിലെ ആനുകൂല്യങ്ങൾ. ചെമ്പന്തൊട്ടിയിൽ ഏക്കർ കണക്കിന് ഭൂമിയുള്ള വീട്ടുടമയും മുൻഗണനാ കാർഡിലെ ആനുകൂല്യങ്ങൾ വാങ്ങുന്നതായി കണ്ടെത്തി.
എളംബേരംപാറ, മാവിച്ചേരി, പൂക്കോത്ത്തെരു, വരഡൂൽ, തേർളായി, ചെമ്പന്തൊട്ടി, കരയത്തുംചാൽ, കാഞ്ഞിലേരി, വയക്കര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ അനർഹമായി സാധനങ്ങൾ കൈപറ്റിയവരിൽ നിന്ന് റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കി.
സ്വയം ഒഴിവാകാൻ അപേക്ഷിക്കാം
മുൻഗണനാ പട്ടികയിലുള്ള കേന്ദ്ര സംസ്ഥാന ജീവനക്കാർ, അധ്യാപകർ, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, 1000 ചതുരശ്രയടിക്ക് മുകളിൽ വീടോ ഫ്ലാറ്റോ സ്വന്തമായുള്ളവർ, ഒരേക്കറിലധികം ഭൂമി സ്വന്തമായുള്ളവർ, ആദായ നികുതി അടക്കുന്നവർ, പ്രതിമാസ വരുമാനം 25000 മുകളിലുള്ളവർ, റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് സ്വന്തമായി നാല് ചക്രവാഹനമുള്ളവർ, വിദേശത്ത് ജോലി ചെയ്യുന്നവർ എന്നിവർക്കെതിരേയാണ് നടപടി.
അനർഹമായി മഞ്ഞ, പിങ്ക് കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ മുൻഗണനാ പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ അപേക്ഷിക്കണം. താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡുമായി നേരിട്ടെത്തി അപേക്ഷിക്കാം.
പൊതുജനങ്ങൾക്ക് വിവരം നൽകാം
പലരും അനർഹർമായി കാർഡുകൾ കൈവശം വച്ചിരിക്കുന്നതിനാൽ അർഹരായവർക്ക് മുൻഗണനാ കാർഡുകൾ നൽകാൻ കഴിയുന്നില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ടി.ആർ. സുരേഷ് പറഞ്ഞു. അനർഹർ ഒഴിവായാൽ മാത്രമേ അർഹരായവർക്ക് അവസരം ലഭിക്കുകയുള്ളൂ.
അനർഹരെ കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. ക്രമവിരുദ്ധമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെക്കുറിച്ച് പൊതു ജനങ്ങൾക്ക് സപ്ലൈ ഓഫീസിൽ അറിയിക്കാവുന്നതാണെന്നും വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും സപ്ലൈ ഓഫീസർ പറഞ്ഞു. ഫോൺ: 04602 203128.