സ്വന്തം ലേഖകൻ
തിരുവനന്തപുരം: റേഷൻ കാർഡ് ശരിക്കും കാർഡാക്കുന്നു. പുസ്തക രീതിയിലുള്ള പരന്പരാഗത റേഷൻ വിവരങ്ങളെല്ലാം എടിഎം കാർഡ് രൂപത്തിൽ സ്മാർട്ട് കാർഡാക്കാനാണ് സർക്കാരിന്റെ നീക്കം. നവംബർ ഒന്നു മുതൽ ആദ്യഘട്ട വിതരണം ആരംഭിക്കും.
പോക്കറ്റിൽ സൂക്ഷിക്കാം
പോക്കറ്റിൽ സൂക്ഷിക്കാവുന്ന രീതിയിൽ തയാറാക്കുന്ന സ്മാർട്ട് കാർഡിലേക്കു മാറാൻ 25 രൂപയാണ് ഫീസ്. മുൻഗണനാ വിഭാഗത്തിന് ഇതു സൗജന്യമായിരിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറയുന്നു.
കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവയാണ് കാർഡിന്റെ മുൻവശത്തുണ്ടാകുക. പ്രതിമാസ വരുമാനം, റേഷൻ കട നന്പർ, വീട് വൈദ്യുതികരിച്ചോ, എൽപിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങൾ പിറകുവശത്തും രേഖപ്പെടുത്തും.
തിരിച്ചറിയൽ കാർഡായി കൊണ്ടുനടക്കാനാകുമെന്നു സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു. അതേസമയം, റേഷന്‍ അർഹരായ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേര് റേഷൻ കാർഡിൽ രേഖപ്പെടുത്തുന്നതിനു സമാനമായി സ്മാർട്ട് കാർഡിലുണ്ടാകുമോയെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല.
‘സ്മാർട്ട്’ കാർഡ്!
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവിൽ സപ്ലൈസ് പോർട്ടലിലോ സ്മാർട്ട് റേഷൻ കാർഡിനായി അപേക്ഷിക്കാം. കാർഡിന് അംഗീകാരം ലഭിച്ചാൽ സിവിൽ സപ്ലൈ വെബ്സൈറ്റിൽ നിന്നു ആധാർ കാർഡ് രീതിയിൽ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാനാകും.
സ്മാർട്ട് റേഷൻ കാർഡ് വരുന്നതിനെ തുടർന്ന് റേഷൻ കടകളിലെ ഇ-പോസ് മെഷീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനവും സജ്ജമാക്കും.