കോഴിക്കോട്: റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന തീയതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. സംസ്ഥാനത്തിനുള്ള അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.
ആധാറുമായി റേഷൻകാർഡ് ലിങ്ക് ചെയ്യാത്തവവര്ക്ക് സെപ്റ്റംബര്‍ 30-ന് ശേഷം റേഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രം അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമെന്നും അരൂർ ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർത്ഥികൾ വിജയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.