പത്തനംതിട്ട: സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവര് കൈവശം വച്ചിട്ടുള്ള ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ പിടിക്കാനായി സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ യജ്ഞത്തില്‍ ജില്ലയില്‍ വന്‍ മുന്നേറ്റം.
2453 ബിപിഎല്‍ കാര്‍ഡുകളാണ് എപിഎല്‍ വിഭാഗത്തിലേക്ക് മാറുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ ബുധനാഴ്ച രാത്രിവരെ മടക്കി നല്‍കിയത്.
അനധികൃതമായി ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വന്‍തുക പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തേ തുടര്‍ന്നാണ് ഏറെപ്പേരും കാര്‍ഡുകള്‍ മടക്കിനല്കാന് തയാറായത്.
ഇത്രയധികം കാര്‍ഡുകള്‍ തിരികെയെത്തിയത് സിവില്‍ സപ്ലൈസ് വകുപ്പിനെയും ഞെട്ടിച്ചു. കാര്‍ഡുകള്‍ മടക്കി നല്‍കാനുള്ള സമയപരിധി 15വരെ നീട്ടിയിട്ടുമുണ്ട്.
എഎവൈ വിഭാഗത്തിലെ മഞ്ഞകാര്‍ഡുകള്‍ കൈവശം വച്ചിരുന്ന 452 ഗുണഭോക്താക്കള്‍ കാര്‍ഡുകള്‍ മടക്കി നല്കി. പിങ്ക് നിറത്തിലുള്ള മുന്‍ഗണനാകാര്‍ഡുകള്‍ കൈവശം വച്ചിരുന്ന 2001 ആളുകളാണ് മടക്കി നല്‍കിയിരിക്കുന്നത്.
രണ്ടുവിഭാഗത്തില്‍ നിന്നുമായി ആറ് താലൂക്കുകളിലായി 2453 കാര്‍ഡുകള്‍ എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി മടക്കി നല്കിയപ്പോള് സംസ്ഥാന സബ്സിഡി വിഭാഗത്തിലുള്ള 1315 നീല കാര്‍ഡുകളും മടക്കി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ച് ജീവിതനിലവാരം പുലര്‍ത്തുന്നവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ പാടില്ലന്നായിരുന്നു നിര്‍ദേശം,
ഇത്തരം കാര്‍ഡുകള്‍ കൈവശംവച്ചിട്ടുള്ളവര് മടക്കി നല്കുന്നില്ലെങ്കില് ഇതേവരെയുള്ള റേഷന്‍വിഹിതം കണക്കാക്കി ഒരു കിലോഗ്രാം അരിക്ക് 67 രൂപ നിരക്കില്‍ പിഴയായി ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.