പത്തനംതിട്ട: മൂന്നുമാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിന്റെ പേരിൽ ജില്ലയിൽ 941 കാർഡുകൾക്ക് രൂപഭേദം. റേഷൻ വാങ്ങാത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം കാർഡുകൾ നിലവിൽ മുൻഗണനേതര വിഭാഗത്തിലേക്ക് (എൻപിഎൻഎസ്) മാറ്റിയിരിക്കുകയാണ്. ഇവയിൽ അന്വേഷണം നടത്തി തുടർ തീരുമാനമുണ്ടാകും. ഇക്കാലയളവിൽ ഇത്തരം കാർഡുകൾക്ക് റേഷൻ വാങ്ങാമെങ്കിലും മുൻഗണനാ വിഭാഗങ്ങൾക്കും എഎവൈ കാർഡുകൾക്കുമുള്ള യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം അന്ത്യോദയ അന്ന യോജന(എഎവൈ)യും മുൻഗണനാ വിഭാഗം എന്നിങ്ങനെ രണ്ടുതരം കാർഡുകളാണുള്ളത്. എന്നാൽ ഭക്ഷ്യഉത്പന്ന ഉത്പാദനം കുറഞ്ഞ കേരളത്തിൽ പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗത്തെ കൂടി ഉൾപ്പെടുത്തി നാലു വിഭാഗം ഗുണഭോക്തൃ റേഷൻ കാർഡുകളാണുള്ളത്. റേഷൻ ആവശ്യമില്ലാത്തവർക്ക് ആറുമാസത്തെ കാലാവധിയിൽ റേഷൻ വേണ്ടെന്ന് അറിയിക്കാനും സംവിധാനമുണ്ട്.
ഏറ്റവുമധികം കാർഡുകൾ നടപടിക്കു വിധേയമായിരിക്കുന്നത് റാന്നി താലൂക്കിലാണ്. 388 കാർഡുകൾ. തിരുവല്ല താലൂക്കിൽ 372 കാർഡുകളാണ് മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത്..മല്ലപ്പള്ളിയിൽ 181 കാർഡുകളും നടപടിക്കു വിധേയമായിട്ടുണ്ട്. കോഴഞ്ചേരി, കോന്നി, അടൂർ താലൂക്കുകളിൽ കാർഡുകൾ മരവിപ്പിച്ചതായി കണക്കുകളില്ല.
നടപടിക്കു വിധേയപ്പെട്ട കാർഡുകളിൽ ഏറ്റവുമധികം മുൻഗണന കാർഡുകളാണെന്നതും ശ്രദ്ധേയം.
പഴയ ബിപിഎൽ കാർഡുകളാണിത്. ഇപ്പോൾ മുൻഗണനാ കാർഡുകളായി അറിയപ്പെടുന്ന ഇവയിൽ 835 എണ്ണം മരവിപ്പിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിൽ ഇത്തരം 322 കാർഡുകളും റാന്നിയിൽ 355 കാർഡുകളും മല്ലപ്പള്ളിയിൽ 158 കാർഡുകളുമാണ് രൂപഭേദം വരുത്തിയത്.
അന്ത്യോദയ അന്നയോജന കാർഡുകൾ ജില്ലയിൽ 104 എണ്ണം മരവിപ്പിച്ചപ്പോൾ തിരുവല്ലയിൽ 149, റാന്നിയിൽ 33, മല്ലപ്പള്ളിയിൽ 22 എന്നീ ക്രമത്തിലാണ് നടപടി. എൻപിഎസ് വിഭാഗത്തിൽ തിരുവല്ലയിലും മല്ലപ്പള്ളിയിലും ഓരോ കാർഡുകൾ വീതമാണ് നടപടിക്കു വിധേയമായിരിക്കുന്നത്. ബിപിഎൽ കാർഡുകൾക്ക് യോഗ്യത ഇല്ലെങ്കിലും ഇവ കൈവശപ്പെടുത്തിയവരാണ് റേഷൻ വാങ്ങാനെത്താത്തതെന്ന നിഗമനത്തിലാണ് ഇപ്പോൾ നടപടികളിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.