കുളത്തൂപ്പുഴ: പുതിയ റേഷന്‍കാര്‍ഡുകള്‍ ലഭിക്കുന്നതിനായി താലൂക്ക് സപ്ളൈ ഓഫീസില്‍ നേരിട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ പലതുംകാണാനില്ലെന്ന് ആക്ഷേപം. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതിനു മുമ്പായി പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് സ്വീകരിച്ചവയില്‍ പല അപേക്ഷകളും കാണാനില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏറെ നാള് നിര്‍ത്തിവച്ചിരുന്ന പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരണവും വിതരണവും ഇക്കഴിഞ്ഞ 2018 ജൂലൈ മുതലാണ് പുനരാരംഭിച്ചത്. അക്ഷയ സെന്ററുകള്‍ മുഖേനെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിനും സപ്ലൈ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതിനും പദ്ധതി തയ്യാറാക്കുകയും അതനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി സ്വന്തമായി റേഷന്‍ കാര്‍ഡില്ലാതെ വലഞ്ഞിരുന്ന പൊതുജനം പെട്ടെന്ന് കാര്‍ഡുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏറെ കഷ്ടപ്പെട്ട് ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഒാരോ ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിന്നുമുള്ളവര്‍ക്ക് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് നല്‍കിയതനുസരിച്ച് ദിവസങ്ങള്‍ ക്യൂനിന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തുണ്ട് പേപ്പറില്‍ സീല്‍ ചെയ്ത് തീയതി എഴുതി നല്‍കുകയും അപേക്ഷകളില്‍ തീര്‍പ്പാകുന്ന മുറക്ക് അറിയിപ്പ് വരുമെന്നും അപേക്ഷകരോട് പറഞ്ഞിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നേരിട്ട് സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിക്കാതെ വരികയും തങ്ങള്‍ക്ക് ശേഷം ഒാണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച വര്‍ക്ക് റേഷന്‍കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തതോടെ താലൂക്ക് സപ്ലൈഒാഫിസിലേക്ക് അന്വേഷിച്ചെത്തിയവര്ക്കാണ് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ പലതും കാണാനില്ലെന്ന വിവരം അറിയുന്നത്.
സമീപത്ത് കെട്ടുകളാക്കി അടുക്കി വച്ചിട്ടുള്ള അപേക്ഷകളില്‍ നിന്നും തങ്ങളുടെ അപേക്ഷ കണ്ടെത്തി നല്കിയാല് റേഷന്‍കാര്‍ഡ് ശരിയാക്കി തരാമെന്ന ഉദ്യോഗസ്ഥ ഉറപ്പില്‍ ഒന്നും രണ്ടും ദിവസം തപ്പിയിട്ടും അപേക്ഷ കണ്ടെത്താനാവാത്തവര്‍ നിരവധിയാണ്. ഒാരോരുത്തരും അവരവരുടെ അപേക്ഷ കണ്ടെത്താനുള്ള ശ്രമത്തിനിടെ മറ്റുള്ളവരുടെ അപേക്ഷകള്‍ അങ്ങോട്ടുമിങ്ങോട്ടും മറിക്കുന്നതു വഴി അപേക്ഷകളിലെ രേഖകള്‍ പലതും നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.
അവസാനം തങ്ങളുടെ അപേക്ഷയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയ സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരക്കാരോട് പുതിയതായി രേഖകള്‍ സഹിതം ഒാണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുക്കുകയുമാണ് അധികൃതര്‍. ഇതോടെ ഒരു വര്‍ഷം മുമ്പ് സംഘടിപ്പിച്ച രേഖകള്‍ മുഴുവന്‍ പുതിയതായി സംഘടിപ്പിക്കേണ്ട ഗതികേടിലാണ് പൊതുജനം. മറ്റു താലൂക്കുകളില്‍ നിന്നും കുറവ്ചെയ്തു കൊണ്ടുവന്ന രേഖകളടക്കം നഷ്ടപ്പെട്ടവര്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.