തിരുവനന്തപുരം: ശന്പളവും പെൻഷനും തടയുമെന്നു സർക്കാർ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 22,000 സർക്കാർ ജീവനക്കാരും പെൻഷൻകാരും മുൻഗണനാ റേഷൻ കാർഡ് തിരികെ നൽകി.വരുംദിവസങ്ങളിൽ അനർഹരായ കൂടുതൽ സർക്കാർ ജീവനക്കാർ മുൻഗണനാ റേഷൻ കാർഡ് തിരികെ നൽകുമെന്നാണു സർക്കാർ പ്രതീക്ഷ.
ഓണത്തോട് അനുബന്ധിച്ചു സെപ്റ്റംബർ ഒന്നിനു നൽകേണ്ട ശന്പളം ഇക്കുറി ഓഗസ്റ്റ് 25 മുതൽ വിതരണം ചെയ്യുന്നുണ്ട്. ശന്പളം വിതരണം ചെയ്യുന്നതിനു മുൻപു മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ സർക്കാർ ജീവനക്കാരുടെയും വിവരം ശേഖരിക്കാൻ വകുപ്പു തലവൻമാർക്കു നിർദേശം നൽകി ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇന്നലെ ഉത്തരവു പുറപ്പെടുവിച്ചു.
എല്ലാ ജീവനക്കാരുടെയും റേഷൻ കാർഡിന്റെ പകർപ്പ് ഓഗസ്റ്റ് 20നകം വകുപ്പു തലവൻമാർ ശേഖരിക്കണം. റേഷൻ കാർഡില്ലാത്തവർ സത്യവാങ്മൂലം സമർപ്പിക്കണം. ഇത്തരത്തിൽ റേഷൻ കാർഡിന്റെ പകർപ്പു ഹാജരാക്കുന്നവർക്കു മാത്രം ശന്പളം വിതരണം ചെയ്താൽ മതിയെന്നാണു നിർദേശം.
നേരത്തെ ഓഗസ്റ്റിലെ ശന്പളവും പെൻഷനും നൽകാൻ റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാനായിരുന്നു നിർദേശം. എന്നാൽ, ചീഫ് സെക്രട്ടറി ഉത്തരവു പുറത്തിറക്കാൻ വന്ന കാലതാമസത്തെ തുടർന്നാണ് അടുത്ത മാസത്തെ ശന്പള- പെൻഷൻ വിതരണത്തിനായി റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കിയാൽ മതിയെന്നു നിർദേശം നൽകിയത്.
ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണ് മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡിന് അർഹത നേടിയിട്ടുള്ളതെന്നാണു കണ്ടെത്തിയിട്ടുള്ളത്.സംസ്ഥാനത്തുനിന്നും വിദേശ രാജ്യങ്ങളിൽ ജോലി നോക്കുന്നവരുടെ പട്ടിക ശേഖരിക്കാനുള്ള നീക്കവും തുടങ്ങി. വിദേശ ജോലിക്കാരുടെ പട്ടിക ശേഖരിച്ചു നൽകാൻ നോർക്ക വകുപ്പിനു സിവിൽ സപ്ലൈസ് വകുപ്പു കത്തു നൽകി.
വിദേശ രാജ്യങ്ങളിൽ ജോലി നോക്കുന്നവരുടെ കുടുംബം മുൻഗണനാ റേഷൻ കാർഡ് വ്യാപകമായി നേടിയെന്നു കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഇതോടൊപ്പം ഒരു ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവരുടെ പട്ടിക ശേഖരിക്കാൻ റവന്യു വകുപ്പിനും കത്തു നൽകി. ബാങ്കുകളിൽ ജോലി നോക്കുന്നവർ മുൻഗണനാ റേഷൻ കാർഡ് കരസ്ഥമാക്കിയിട്ടുണ്ടോ എന്നു കണ്ടെത്താൻ ബാങ്കേഴ്സ് അവലോകന സമിതി വഴി ശ്രമം തുടങ്ങി.
ബാങ്കേഴ്സ് അവലോകന സമിതി വഴി അതതു ബാങ്ക് മേധാവികൾ വഴിയാകും വിവര ശേഖരണം നടത്തുക.കേന്ദ്ര സർക്കാർ ജീവനക്കാർ, റയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർ എന്നിവരിൽ ചില ജീവനക്കാരും മുൻഗണനാ റേഷൻ കാർഡ് കരസ്ഥമാക്കിയതായി പരാതി ലഭിച്ചിട്ടുണ്ട്.