തിരുവനന്തപുരം: കേരളത്തിലെ പുറമ്പോക്കുകളിൽ ഉൾപ്പെടെ കഴിയുന്നവർക്ക് റേഷൻ കാർഡ് നൽകുന്നതിന് പ്രത്യേക പരിപാടി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാർ ഇത് പ്രത്യേക ദൗത്യമായി കാണണം. റേഷൻ കാർഡില്ലാത്ത എത്രപേരുണ്ടെന്ന കണക്കെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർമാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം. കൂടുതൽ പട്ടയം വിതരണം ചെയ്യേണ്ട ഇടുക്കി പോലെയുള്ള ജില്ലകളിൽ സർവേ വേഗത്തിൽ പൂർത്തിയാക്കാൻ സ്വകാര്യ സർവേയർമാരുടെ സേവനം പരിഗണിക്കണം. ഗ്രാമീണ റോഡുകൾ അടുത്ത വർഷത്തെ മഴയ്ക്ക് മുമ്പ് നല്ല നിലവാരത്തിൽ പുനർനിർമിക്കണം. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതികളിൽ നല്ല ശ്രദ്ധ പുലർത്തണം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നടപടികൾ ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തണം. ഉറവിട മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പൂർത്തിയാക്കണം. പൊതുജലാശയങ്ങളുടെ ശുചീകരണം ജില്ലാ കളക്ടർമാർ മത്സരബുദ്ധിയോടെ കാണണം. ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് ഹരിത കേരളം മിഷന്റെ സഹായത്തോടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ നടപടിയെടുക്കണം. ഇതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കണം.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടം വേഗത്തിൽ പൂർത്തിയാക്കണം. മഴ ഒഴിഞ്ഞു നിൽക്കുന്ന മേയ് മാസം വരെയുള്ള കാലയളവ് പ്രധാനമാണ്.എല്ലാ ജലാശയങ്ങളിലും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം. സിറ്റി ഗ്യാസ് വിതരണ പദ്ധതി ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നും ഇതിൽ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.