പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനധികൃത മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ (ബിപിഎല്‍, എഎവൈ) കൈവശം വച്ചിരിക്കുന്നവര്‍ 31ന് മുമ്പ് സറണ്ടര്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി പുതിയ കാര്‍ഡുകള്‍ വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സ്വന്തമായി 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, നാലുചക്ര വാഹനം, ഒരേക്കര്‍ ഭൂമി, വിദേശജോലി, സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി, പെന്ഷന് വാങ്ങുന്നവര്‍, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ തുടങ്ങിയവരില്‍ പലരും താലൂക്കില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അനര്‍ഹര്‍ 31നകം സ്വമേധയാ കാര്‍ഡുകള്‍ മാറ്റി വാങ്ങാതിരുന്നാല്‍ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈഓഫീസര്‍ അറിയിച്ചു.മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുള്ള പലര്‍ക്കും ഇത്തരം കാര്‍ഡ് ലഭിക്കാത്ത സാഹചര്യത്തില്‍ അര്‍ഹതയില്ലാത്തവര്‍ ഇത്തരം കാര്‍ഡ് കൈവശം വയ്ക്കുന്നത് അതീവ ഗൗരവമുള്ള കുറ്റമായി കാണും.