കോട്ടയം: പുതിയതായി വിതരണം ചെയ്ത റേഷൻ കാർഡിൽ കടന്നു കൂടിയ തെറ്റുകൾ തിരുത്താൻ അവസരം നൽകുന്പോഴും സന്പന്നരുടെ പട്ടികയിൽ ഇടം കിട്ടിയ സാധാരണക്കാരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു. സർക്കാർ ജീവനക്കാരും ഉയർന്ന ശന്പളം വാങ്ങുന്നവരും മുൻഗണനാ ലിസ്റ്റിൽ കടന്നു കൂടിയത് തിരുത്ത ുുകയാണ്. അപ്പോഴും അർഹമായ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ തീരുമാനമില്ല.
തെറ്റുതിരുത്തലിന് അടുത്ത മാസം മൂന്നാം വാരം മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. പരിശോധനയിൽ റേഷൻ കാർഡിൽ കടന്നുകൂടിയ അനർഹർ 6665 പേരാണ്. മുൻഗണന ലിസ്റ്റിൽ വ്യാപകമായി അനർഹർ കടന്നുകൂടിയതോടെ സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം ഉപയോഗപെടുത്തിയവരാണിവർ. അനർഹമായ റേഷൻ കാർഡുകൾ തിരിച്ചേൽപിക്കാനുള്ള സമയ പരിധി അവസാനിച്ചശേഷം ജില്ല സപ്ലൈ ഓഫിസ് പുറത്തുവിട്ട കണക്കാണിത്.
ദരിദ്ര വിഭാഗമായി പരിഗണിക്കുന്ന അന്ത്യോദയ അന്നയോജന പട്ടികയിലടക്കം സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻ വാങ്ങുന്നവരും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ശന്പളത്തിൽ ജോലി നോക്കുന്നവരും ഉൾപ്പെട്ടിരുന്നു.സർക്കാർ നിലപാട് കടുപ്പിച്ചതോടെയാണ് റേഷൻ കാർഡ് മുൻഗണന ലിസ്റ്റിൽനിന്ന് സ്വയം ഒഴിയാൻ കാർഡ് ഉടമകൾ സന്നദ്ധമായത്.
ജില്ലയിലെ മുൻഗണന പട്ടികയിൽ ഇടം നേടിയതിൽ ഏറെയും സർക്കാർ ജീവനക്കാരാണ്. കൂട്ടപാലായനം നടത്തിയത് 3083 സർക്കാർ ജീവനക്കാരാണ്. 1867 പേർ പെൻഷൻ വാങ്ങുന്നവരും 1612 പേർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരുമാണ്.
പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് റേഷൻ കടകൾ വഴിയും സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേനയും സബ്സിഡി സാധനങ്ങൾ കിട്ടാത്ത സാഹചര്യമാണുള്ളത്.
ഇതിനൊപ്പം നിർധനരായ ആയിരക്കണക്കിനാളുകൾ റേഷൻ സാധനങ്ങളും സർക്കാർ ആനുകൂല്യങ്ങളും കിട്ടാതെ വലയുകയാണ്. കാർഡുകളിൽ തെറ്റുകൾ വ്യാപകമായി ഉണ്ടായെന്ന് സർക്കാർ സമ്മതിക്കുന്പോഴും തിരുത്തൽ നടപടിക്രമങ്ങളെക്കുറിച്ചു വ്യക്തത ഇനിയും കൈവന്നിട്ടില്ല.