പത്തനംതിട്ട: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 സ്പെഷൽ റേഷൻ വിഹിതം എല്ലാവിഭാഗം കാർഡുകൾക്കും ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നിലവിലെ ആനുകൂല്യം മുഴുവൻ മഞ്ഞ, പിങ്ക് കാർഡുകാർക് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ രണ്ടു തരം പൗരന്മാരായി തിരിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് 50 ലക്ഷം കുടുംബങ്ങൾ വെള്ള, നീല കാർഡിന് ഉടമകളാണ് ഇതിൽ ഒട്ടേറെ പാവപ്പെട്ടവരും പുതുതായി കാർഡ് ലഭിച്ചവരും ഉൾപ്പെട്ടിരിക്കുന്നു. കേന്ദ്രം അനുവദിച്ച അഞ്ച് കിലോ അരിയും ഇപ്പോൾ അനുവദിച്ച കടലയും ഈ കാർഡ് കാർക്ക് ലഭ്യമല്ല.
ഇവർ എല്ലാ ദിവസവും കടയിലെത്തി സ്പെഷൽ ആയ എന്തെങ്കിലും ലഭിക്കുമോ എന്ന് കട ഉടമയോട് അന്വേഷിക്കാറുണ്ട്. നീല, വെള്ള കാർഡുകളിൽ നല്ലൊരു പങ്കും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെങ്കിലും മുൻഗണനാക്രമം നിശ്ചയിച്ചതിലെ ചില അശാസ്ത്രീയതകളിൽ കുടുങ്ങിയവരാണ്.
ഇടത്തരക്കാരായ ഇത്തരം കാർഡുടമകളും കോവിഡ് കാലത്ത് ഏറെ ദുരിതത്തിലാണ്. ആയതിനാൽ കാർഡുകളുടെ നിറം നോക്കാതെ എല്ലാ വിഭാഗം കാർഡുകാർക്കും കുറഞ്ഞപക്ഷം കടല എങ്കിലും വിതരണം ചെയ്യുവാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് ജോണ്സണ് വിളവിനാൽ ആവശ്യപ്പെട്ടു.