തിരുവനന്തപുരം: റേഷൻ കടകളിൽ നിന്ന് ഗുണഭോക്താവിന് അർഹമായ റേഷൻ വിഹിതം മന പൂർവം നൽകാതിരുന്നാൽ കടയുടമയിൽ നിന്നു പണം ഈടാക്കി ഗുണഭോക്താവിന് നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഗുണഭോക്താവിന് അർഹതപ്പെട്ട ഫുഡ് സെക്യൂരിറ്റി അലവൻസാണ് ഇപ്രകാരം നൽകുന്നത്. മനപൂർവം റേഷൻ വിഹിതം അനുവദിക്കാതിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഗുണഭോക്താവ് നൽകുന്ന പരാതി ജില്ലാതല പരാതിപരിഹാര ഓഫീസർ പരിശോധിച്ച് തീർപ്പാക്കിയശേഷമാകും കട ഉടമകളിൽ നിന്ന് ഫുഡ് സെക്യൂരിറ്റി അലവൻസ് ഈടാക്കുക.
റേഷൻവ്യാപാരിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നോ ഡീലർ കമ്മീഷനിൽ നിന്നോ ഇതിനുള്ള പണം ഈടാക്കും.
സിവിൽസപ്ലൈസ് കമ്മീഷണർ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. റേഷനിംഗ് ഇൻസ്പെക്ടർമാരെയാണ് ഈ വിഷയം പരിഗണിക്കുന്നതിനുള്ള നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.