കോട്ടയം: ഇ – പോസ് മെഷീനിൽനിന്ന് ലഭിക്കുന്ന അച്ചടിച്ച ബില്ല് ചോദിച്ചു വാങ്ങുക എന്ന സിവിൽ സപ്ലൈസ് വകുപ്പിന്റെ മുന്നറിയിപ്പ് ആരും അവഗണിക്കരുത്. അവഗണിച്ചാൽ നിങ്ങൾക്ക് എന്തൊക്കെയാണ് കിട്ടിയതെന്നും കൃത്യമായ തൂക്കമുണ്ടോ എന്നും അറിയാൻ കഴിഞ്ഞെന്നുവരില്ല.
മാസത്തിൽ പല തവണ സിവിൽസപ്ലൈസ് വകുപ്പ് ബില്ല് സംബന്ധി്ച്ച മുന്നറിയിപ്പ് നല്കുന്നുണ്ട്. റേഷൻകടക്കാർ പിന്നാന്പുറ വരുമാനം ഉണ്ടാക്കാതിരിക്കാനും ഉപഭോക്താവിന് കൃത്യമായി സാധനങ്ങൾ ലഭിക്കാനുമാണ് വകുപ്പ് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്കുന്നത്. കടക്കാർക്ക് ചിലപ്പോൾ തെറ്റുപറ്റാം.
അതല്ലെങ്കിൽ മനഃപൂർവം തൂക്കം കുറച്ചെന്നും വരാം. ഇത് മനസിലാക്കണമെങ്കിൽ ബില്ല് നിർബന്ധമാണന്ന് വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഏതാനും ആഴ്ച മുൻപ് അരി തൂക്കിയപ്പോൾ ഒരു കടക്കാരൻ രണ്ടു കിലോഗ്രാം കുറച്ചത് ഉപഭോക്താവ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തെറ്റുപറ്റിയെന്നു മനസിലാക്കി കൃത്യമായ തൂക്കത്തിൽ അരി നല്കി.
അതുപോലെ പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ ചോദിച്ചു വാങ്ങിയില്ലെങ്കിൽ കിട്ടുകയുമില്ല. പ്രായമായവരെ ഇത്തരത്തിൽ കബളിപ്പിക്കാൻ എളുപ്പമാണ്. അതുകൊണ്ടാണ് ബില്ല് ചോദിച്ചു വാങ്ങണമെന്നു പറയുന്നത്. വീട്ടിലെത്തുന്പോഴെങ്കിലും പരിശോധനക്ക് വിധേയമാക്കാമല്ലോ.
അതാത് മാസം ലഭിക്കുന്ന അരിയും മറ്റു സാധനങ്ങളും സംബന്ധിച്ച വിവരം എല്ലാ ഉപഭോക്താവിന്റെയും മൊബൈൽ ഫോണിൽ സിവിൽ സപ്ലൈസ് വകുപ്പ് എത്തിക്കുന്നുണ്ട്. ഇതുമൂലം സാധനങ്ങളിൽ കുറവ് വരുത്താൻ കടക്കാർക്ക്് സാധിക്കുകയില്ല.