ആലപ്പുഴ: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു. 16ന് അന്പലപ്പുഴ താലൂക്കിലെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാക്കും. ഇതിന് മുന്നോടിയായി കഴിഞ്ഞ ഒന്നിന് താലൂക്കിലെ 38 കടകളിൽ ഇ പോസ് മെഷീനുകൾ സ്ഥാപിച്ചു.
ഹൈദ്രാബാദ് ആസ്ഥാനമായുള്ള വിഷൻ ടെക് എന്ന സ്ഥാപനമാണ് കടകളിൽ യന്ത്രം സ്ഥാപിക്കുന്നത്. ഇ പോസ് മെഷീൻ സ്ഥാപിച്ചിട്ടുള്ള കടകളിൽ റേഷൻകാർഡിൽ പേരുള്ള ആധാർ ലിങ്ക് ചെയ്തയാളിന്റെ വിരലടയാളം ലഭിച്ചെങ്കിൽ മാത്രമേ റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകൂ.
വിരലടയാളത്തിനായി മെഷീനിൽ കൈ പതിപ്പിക്കുന്പോൾ ആധാർ ലിങ്ക് ചെയ്തിട്ടുള്ളതാണോയെന്ന വിവരം സെർവർ വഴി തിരയുകയും അനുവദിച്ച ധാന്യം നൽകുന്പോൾ തന്നെ വിവരം സെർവറിൽ രേഖപ്പെടുത്തുകയും ചെയ്യും.
ഇ പോസ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് റേഷൻ കടയുടമകൾക്ക് മെഷീൻ സ്ഥാപിക്കുന്ന കന്പനിയുടെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയിരുന്നു.
മെഷീനുകൾ സ്ഥാപിക്കുന്ന കടകളിൽ കന്പനി പ്രതിനിധികളെത്തി റേഷൻ കട ഉടമകൾക്കും സെയിൽസ് മാനും യന്ത്രം പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ചുള്ള പരിചയക്കുറവ് പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.അന്പലപ്പുഴ താലൂക്കിൽ 203 കടകളിലാണ് ഇ പോസ് മെഷീൻ സ്ഥാപിക്കുന്നത്.
ഇവ സ്ഥാപിച്ച് ഭക്ഷ്യധാന്യ വിതരണം റേഷൻ കടകളിലൂടെ നടപ്പാക്കുന്നതോടെ റേഷൻ സാമഗ്രികളുടെ അനധികൃത കൈമാറ്റം പൂർണമായും ഇല്ലാതാകും. കഴിഞ്ഞദിവസം ജില്ലാ സപ്ലൈ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ ഹരിപ്രസാദാണ് ഇ പോസ് മെഷീൻ വിതരണോദ്ഘാടനം നിർവഹിച്ചത്. ഈ മാസം അവസാനത്തോടെ ജില്ലയിലെ 1524 റേഷൻ കടകളിലും ഇ പോസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടികൾ പൂർത്തീയായി വരുന്നു.