ചങ്ങനാശേരി: ചങ്ങനാശേരിയിലെ എൻഎഫ്എസ്എയുടെ ഗോഡൗണുകൾ യഥാസമയം വൃത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്ന് ആക്ഷേപം ഉയരുന്നു. വട്ടപ്പള്ളി, തെങ്ങണ, പെരുന്പനച്ചി എന്നിവിടങ്ങളിലാണ് ഗോഡൗണുകൾ പ്രവർത്തിക്കുന്നത്. ഓരോ മൂന്നുമാസവും കൂടുന്പോൾ ഗോഡൗണ് വൃത്തിയാക്കണമെന്നാണ് നിബന്ധന. എന്നാൽ ഇക്കാര്യം യഥാക്രമം നടത്തിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
റേഷൻകടകളിൽ മോശമായ അരി സ്റ്റോക്കുണ്ടെങ്കിൽ ഇത് എൻഎഫ്എസ്എ ഗോഡൗണിലേക്ക് തിരിച്ചെടുത്ത് പകരം നൽകണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിബന്ധന. റേഷൻ വ്യാപാരികൾ ഈ ആവശ്യം ഉന്നയിച്ചിട്ടും ഉപയോഗപ്രദമല്ലാത്ത അരി തിരിച്ചെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടാക്കാതിരുന്നതാണ് വിഷയം സങ്കീർണമാകാൻ കാരണമായത്.
ഉപയോഗപ്രദമല്ലാത്ത അരിയും ഗോതന്പും റേഷൻകടകളിലെത്തിച്ച നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും വകുപ്പ് അധികാരികൾക്കും പരാതി നമർപ്പിക്കുമെന്ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികൾ പറഞ്ഞു.
ചങ്ങനാശേരി താലൂക്കിലെ റേഷൻ കടകളിൽ പുഴവും ചെള്ളും ദുർഗന്ധം വമിക്കുന്നതുമായ കുത്തരി എത്തിയ സംഭവം അന്വേഷണ വിധേയമാകുന്നു. താലൂക്കിലെ വിവിധ റേഷൻ കടകളിൽ എത്രചാക്ക് മോശമായ അരിയും ഗോതന്പുമുണ്ടെന്ന കണക്കെടുപ്പ് ആരംഭിച്ചു. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സപ്ലൈകോ അധികൃതാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
താലൂക്കിലെ മുപ്പത് റേഷൻ കടകളിലായി ആഹാരയോഗയോഗ്യമല്ലാത്ത അറുന്നൂറോളം ചാക്ക് അരി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കഴിഞ്ഞ ഫെബ്രുവരി മുതലാണ് റേഷൻകടകളിൽ പുഴുവും ചെള്ളും നിറഞ്ഞ അരി എത്തിയതെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
2018ലെ പ്രളയകാലത്ത് ചങ്ങനാശേരി എൻഎഫ്എസ്എ ഗോഡൗണിൽ വെള്ളംകയറി നശിച്ച അരി നശിപ്പിക്കുന്നതിനായി ലേലത്തിൽ വിറ്റിരുന്നു. ഈ അരി മില്ലുകാർ വാങ്ങി കഴുകി തിരിച്ച് എൻഎഫ്എസ്എ ഗോഡൗണിൽ എത്തിച്ചതായും ഇവിടെ നിന്നും റേഷൻ കടകളിൽ എത്തിയെന്നുമാണ് റേഷൻ വ്യാപാരികൾ ആരോപിക്കുന്നത്.