സ്വന്തം ലേഖകൻ
തൃശൂർ: വനങ്ങളിൽ ആദിവാസികളുടെ വീടുകളിലേക്ക് റേഷൻ സാധനങ്ങളുമായെത്തുന്ന സഞ്ചരിക്കുന്ന റേഷൻകടയിൽ തുടങ്ങി,കാർഡുണ്ടെങ്കിൽ സംസ്ഥാനത്ത് എവിടെയും റേഷൻ സാധനങ്ങൾ വാങ്ങാനാവുന്ന പോർട്ടബിലിറ്റി സംവിധാനം വരെ സംവിധാനങ്ങളൊരുക്കി റേഷൻ കടയുടെ പുതിയ സേവന പദ്ധതികൾ മാതൃകയാകുന്നു.
ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ് ഹാളില്‍ ഭക്ഷ്യഭദ്രതാനിയമവും ഇ- പോസ് മെഷീനും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലാണു ഭക്ഷ്യപൊതുവിതരണ വിഭാഗത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചത്.
കേരളത്തില്‍ സഞ്ചരിക്കുന്ന റേഷന്കടയുള്ള ഏക ജില്ലയാണ് തൃശൂരിനുള്ളത്. പാണഞ്ചേരി പഞ്ചായത്തില്‍ പീച്ചി വനാന്തരമേഖലയിലെ മൂന്ന് ഊരുകളിലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി – വാഴച്ചാല്‍ വനമേഖലയിലുമാണ് കാർഡ് ഉടമകളെതേടി റേഷൻ കട സഞ്ചരിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ ആനുകൂല്യമല്ല അവകാശമാണ് എന്ന പ്രഖ്യാപനവുമായ ഭക്ഷ്യഭദ്രതാനിയമം നിലവിൽവന്നു രണ്ടരവർഷമാകുന്പോൾ കേരളം ഇക്കാര്യത്തിൽ ഏറെദൂരം മുന്നേറിക്കഴിഞ്ഞതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
ദുര്‍ഗന്ധപൂരിതമായ ചുറ്റുപാടുകളില്‍നിന്ന് വൃത്തിയുള്ള ചുമരുകളിലേക്കുള്ള റേഷന്‍കടകളുടെ മാറ്റവും റേഷന്‍ സംബന്ധിയായ ബുദ്ധിമുട്ടുകളില്‍ അധികാരികളുമായി നേരിട്ടു ബന്ധപ്പെടാവുന്ന രീതിയിലേക്കുള്ള സംവിധാനങ്ങളുടെ വളര്‍ച്ചയും അവർ അവതരിപ്പിച്ചു.
റേഷന്‍ കാര്‍ഡ് അപേക്ഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും റേഷന്‍ കാര്‍ഡുകളിലെ തെറ്റ്തിരുത്തലും കാര്‍ഡ് വിഭജനവും മറ്റും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണെന്നും ശില്പശാലയിൽ പറഞ്ഞു. വിവിധ നിറങ്ങളിലായി (മഞ്ഞ, പിങ്ക്, നീല, വെള്ള) പുറത്തിറക്കിയ റേഷന്‍ കാര്‍ഡുകള്‍ പൊതുവിതരണ മേഖലയിലെ പ്രധാന ഏടായിട്ടുണ്ടെന്നും എന്നാല്‍ അനര്‍ഹരെ പുറത്താക്കേണ്ടത് ലക്ഷ്യമാകണമെന്നും എങ്കിലേ അര്‍ഹതപ്പെട്ട വിഹിതം അതാതു കൈകളിലെത്തുകയൂള്ളൂവെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
ഇ- പോസ് മെഷീനുകളുടെ ഉപയോഗം, പ്രവര്‍ത്തനരീതി, ഇ- പോസ് മെഷീനിന്റെ വരവോടെ മേഖലയിലുണ്ടായ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരണവും വീഡിയോ പ്രദര്‍ശനവും നടന്നു.ജില്ലാ സപ്ലൈ ഓഫീസര്‍ ടി. അയ്യപ്പദാസ് സ്വാഗതം പറഞ്ഞു.
ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ ബെന്നി ഡേവിസ് പ്ലാക്കല്‍ വിഷയാവതരണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ടി.ജെ. ജയദേവ്- തൃശൂര്‍, ജോസി ജോസഫ്- തലപ്പിള്ളി, എസ്. കമറുദ്ദീന്- മുകുന്ദപുരം, പ്രസ് ക്ലബ് പ്രസിഡന്റ് എ. പ്രഭാത് എന്നിവര്‍ സംസാരിച്ചു. പൊതുവിതരണ രംഗത്തെ നിലവിലെ അവസ്ഥയെപ്പറ്റി പത്രപ്രവര്‍ത്തകരുമായി തുറന്ന സംവാദവും ഉണ്ടായി.