ഷൊർണൂർ: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്കിൽ രണ്ട് റേഷൻകടകൾ താലൂക്ക് സപ്ലൈ ഓഫീസർ സസ്പെൻഡ് ചെയ്തു. കൂനത്തറയിലെ 96-ാം നന്പർ റേഷൻകടയും കവളപ്പാറയിൽ 110 നന്പർ റേഷൻകടയുമാണ് സസ്പെൻഡ് ചെയ്തത്. കൂനത്തറയിൽ മാത്രം 1266 കിലോഗ്രാം റേഷൻസാധനങ്ങളുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്.
കവളപ്പാറയിൽ ഗോതന്പും ആട്ട യും ഒഴികെ മറ്റൊന്നും സ്റ്റോക്കില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് താലൂക്ക് സപ്ലൈ ഓഫീസർ സുജ ഡാനിയൽ കടകൾ സസ്പെൻഡ് ചെയ്തത്. റേഷൻകടകളിൽ ക്രമക്കേടു നടക്കുന്നുണ്ടെന്ന് ഫോണിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സപ്ലൈ ഓഫീസർ അടക്കമുള്ള സംഘം റെയ്ഡിനെത്തിയത്.
കവളപ്പാറ സ്വദേശിയാണ് രണ്ടു റേഷൻകടകളും നടത്തുന്നത്. കൂനത്തറയിൽ പുഴുക്കലരി മാത്രം 1235 കിലോഗ്രാമിന്റെ കുറവാണ് ഉണ്ടായിരുന്നത്. 19 കിലോഗ്രാം ഗോതന്പും 12 കിലോഗ്രാം പഞ്ചസാരയും കുറവുണ്ട്. 94 കിലോഗ്രാം പച്ചരി രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതലുള്ളതായി കണ്ടെത്തി.
കവളപ്പാറയിൽ റേഷൻകടയിൽ 3000 കിലോഗ്രാം സാധനങ്ങളുടെ ഏറ്റക്കുറച്ചിലാണ് കണ്ടെത്തിയത്. 60 കിലോഗ്രാം ഗോതന്പും നാലുചാക്ക് ആട്ടപൊടിയും മാത്രമാണ് സ്റ്റോക്ക് ഉണ്ടായിരുന്നത്. കവളപ്പാറയിലെ ഒന്പതാംനന്പർ റേഷൻകട ഇനി സമീപത്തെ 91-ാം നന്പർ റേഷൻകടയുടെ ലൈസൻസിയുടെ കീഴിൽ നടക്കും.
നൂറ്റിപ്പത്താം നന്പർ റേഷൻകട 197 നന്പർ റേഷൻകടയുടെ ലൈസൻസി മറ്റൊരാളെ വച്ചും നടത്തും.സസ്പെൻഡ് ചെയ്ത ഇരുകടകൾക്കും പുതിയ ലൈസൻസികളെ ലഭ്യമാകുന്നുതുവരെയാണ് ഈ നടപടിയെന്നു അധികൃതർ അറിയിച്ചു.