കോട്ടയം: റേഷൻ കാർഡുടമകൾക്ക് ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം. എന്നാൽ റേഷൻ കടക്കാർ പണം അടയ്ക്കേണ്ടത് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ മാത്രം. പണം അടയ്ക്കാൻ രണ്ടു തവണ പോകേണ്ട ബുദ്ധിമുട്ട് മൂലം ഇടനിലക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് റേഷൻ കടക്കാർ. അടുത്ത നാളിൽ റാന്നിയിൽ ഇടനിലക്കാരൻ റേഷൻ കടക്കാരുടെ 24 ലക്ഷം രൂപയുമായി മുങ്ങിയ വാർത്ത പുറത്തു വന്നതോടെ സംസ്ഥാനത്തെ മുഴുവൻ കടക്കാരും ഭയന്നിരിക്കുകയാണ്.
കോട്ടയം താലൂക്കിലെ 291 റേഷൻ കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് ഒറവയ്ക്കലുള്ള ഗോഡൗണിൽ നിന്നാണ്. അതിനാൽ പണം അടയ്ക്കേണ്ടത് ഫെഡറൽ ബാങ്കിന്റെ ഒറവയ്ക്കൽ ശാഖയിലാണ്. കോട്ടയത്തു മാത്രമല്ല മറ്റു താലൂക്കുകളിലും ഇതുപോലെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിലേ പണം അടയ്ക്കാൻ കഴിയു. മാസത്തിൽ ഒരു തവണ പണമടച്ചാൽ മതിയെങ്കിലും ഇതിനായി രണ്ടു തവണ ബാങ്കിൽ പോകണമെന്ന് കടക്കാർ പറയുന്നു.
അതിനാൽ കടക്കാർ ഇടനിലക്കാരൻ മുഖേനയാണ് പണം അടയ്ക്കുന്നത്. ഇടനിലക്കാരന് 200 മുതൽ 250 രൂപവരെയാണ് നിരക്ക്. ഒരു കടക്കാരനു തന്നെ ഒന്നും രണ്ടും ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരിക. അതേ സമയം റേഷൻ കടകളുടെ അടുത്തുള്ള ബാങ്ക് ശാഖയിൽ പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ കടക്കാർക്ക് പ്രയോജനകരമാകും.
ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും ഗോഡൗണിനു സമീപത്തെ ബാങ്കിൽ തന്നെ പണം അടയ്ക്കണമെന്നു പറയുന്നത് എന്തിനെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. കഴിഞ്ഞ ദിവസം റാന്നിയിൽ റേഷൻ കടക്കാർ ബാങ്കിൽ അടയ്ക്കാൻ നല്കിയ 24 ലക്ഷം രൂപയുമായി ഇടനിലക്കാരൻ മുങ്ങി. ഇയാൾക്കെതിരേ കടക്കാർ പരാതി നല്‍കിയിട്ടുണ്ട്. റാന്നിയിലെ പണം തട്ടിപ്പ് പുറത്തു വന്നതോടെ കടക്കാരാകെ ഭയന്നിരിക്കുകയാണ്.