സി.സി.സോമൻ
കോട്ടയം: റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിച്ച ഒൻപത് ജില്ലകളിൽ ഇന്ന് റേഷൻ വിതരണം പുനരാരംഭിക്കുന്പോൾ നഷ്ടം കാർഡുടമകൾക്ക്. ഇന്നു മുതൽ റേഷൻ സാധനങ്ങൾക്ക് ഒരു രൂപ അധികം നല്‍കേണ്ടി വരുന്നു എന്നതാണ് കാർഡുടമകളെ വിഷമിപ്പിക്കുന്നത്.
രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്ക് ഇനി മൂന്നു രൂപ നല്‍കണം. അതു പോലെ 15 രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 16 രൂപയും 8.90 രൂപയ്ക്ക് ലഭിച്ചിരുന്ന എപിഎൽ വിഭാഗത്തിന്റെ അരിക്ക് 9.90 രൂപയും ഇന്നു മുതൽ നല്‍കണം. അധികം നല്കുന്ന ഒരു രൂപ റേഷൻ കടക്കാരുടെ വേതനമായി പരിഗണിക്കുമെന്നാണ് പറയുന്നത്. അതേ സമയം അരിയുടെ സ്റ്റോക്ക് ഇനിയും പലയിടത്തും എത്തിയിട്ടില്ല.
റേഷൻ കടക്കാരുടെ വേതനക്കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഒരു ക്വിന്റൽ വിൽക്കുന്പോൾ 210 രൂപ കമ്മീഷൻ എന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. ചെലവ് കുറഞ്ഞ കടകൾക്ക് സർക്കാർ ഇൻസെന്റീവ് ആയി 6000 രൂപ ഉൾപ്പെടുത്തി 16000 രൂപ കടക്കാരന് ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ കടക്കാർക്കു ലഭിക്കുന്ന 110 രൂപ കമ്മീഷനു പുറമെ ഇപ്പോൾ വരുത്തിയ ഒരു രൂപ വർധനവ് കൂടി കൂട്ടിയാണ് ഒരു ക്വിന്റലിന് 210 രൂപ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്.
ഇതെല്ലാം വാക്കാൽ മാത്രമുള്ള നിർദേശമാണെന്നും ഒരു മാസത്തെ പ്രവർത്തനം വിലയിരുത്തി മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു എന്നും പറയുന്നു. അതേ സമയം ഇപ്പോൾ കടകളിൽ സ്റ്റോക്കുള്ള അരി മാത്രമേ ഇന്നു മുതൽ വിതരണം ചെയ്യാനാവു. പുതിയ സ്റ്റോക്ക് എത്താത്തത് പലയിടത്തും വാക്കുതർക്കത്തിനും പരാതിക്കും ഇട നല്‍കിയേക്കും.
ജൂണ്‍ ഒന്നു മുതൽ സമരം:ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കോട്ടയം: റേഷൻ കടക്കാർക്ക് സർക്കാർ അനുവദിച്ച വേതന പാക്കേജ് അംഗീകരിക്കില്ലെന്നും വാടകയും സെയിൽസ്മാന്റെ ശന്പളവും ഉൾപ്പെടുത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതൽ സമരം ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ അറിയിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച പ്രതിമാസ വനേതം 16000 രൂപയ്ക്ക് കട നടത്താൻ കഴിയില്ലെന്ന് അദേഹം വ്യക്തമാക്കി.
റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒൻപത് ജില്ലകളിൽ റേഷൻ വിതരണം തടസപ്പെട്ടിരിക്കുകയാണന്ന് ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. ഈ മാസം റേഷൻ വിതരണം ആരംഭിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിഷുവിനു പോലും അരി കടകളിൽ എത്തില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.