വെള്ളമുണ്ട: റേഷന്‍കടയിലെ ധാന്യങ്ങള്‍ മോഷണം പോയെന്ന വ്യാജപരാതി നല്കിയ കടയുടമയെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട മൊതക്കരയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയുടമ വാഴയില്‍ അഷ്റഫിനെ(45)യാണ് മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തത്.
ഇയാളുടെ പരാതി വ്യാജമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റേഷന്‍ കടയില്‍ നിന്നും 257 ചാക്ക് ധാന്യങ്ങള്‍ മോഷണം പോയെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിക്കാരനായ റേഷന്‍ കട ലൈസന്‍സിക്കെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ജനുവരി 22 നാണ് കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയതായികാണിച്ച് അഷ്റഫ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ തന്നെ പരാതിയിലും പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
പരാതിയില്‍ പറഞ്ഞ പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പോലീസിന് വ്യക്തമായിരുന്നു. കടയുടെ പൂട്ട് അറുത്ത് മാറ്റിയെങ്കിലും അതിനുതാഴെനിന്ന് ലോഹപ്പൊടികള്‍ കാന്തം ഉപയോഗിച്ച് ഒപ്പിയെടുക്കാന്‍ കിട്ടിയിരുന്നില്ല.
ഇത്രയും ചാക്ക് ധാന്യങ്ങള്‍ പോയിട്ടും ധാന്യങ്ങള്‍ പുറത്ത് കൊഴിഞ്ഞനിലയില് കണ്ടെത്താനും പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിവാസികള്‍ക്ക് നല്‍കാനുള്ള ധാന്യങ്ങളുള്‍പ്പെടെ കടയുടമ മറിച്ചുവിറ്റതായി വിവരം ലഭിച്ചത്.
സ്റ്റോക്കിലുണ്ടായ കുറവ് മറച്ചുവെക്കാനാണ് മോഷണനാടകം നടത്തിയത്. ഇത് പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മാനന്തവാടി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.