ഒറ്റപ്പാലം: റേഷൻ കടകളിൽ എത്തുന്ന ഉപഭോക്താക്കൾ മാസ്ക്കുകൾ ധരിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ച് കിറ്റുകൾ വാങ്ങാൻ തയ്യാറാവുന്നില്ലെന്ന് ആരോഗ്യവകുപ്പ്. തിക്കിതിരക്കി നിന്നാണ് ഇവർ സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകൾ വാങ്ങാൻ റേഷൻ കടകളിൽ നിൽക്കുന്നതെന്ന് ആരോഗ്യവകുപ്പിന് ബോധ്യമായിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കാൻ റേഷൻ കട ഉടമകൾ നിർദേശിക്കുന്നുണ്ടങ്കിലും അനുസരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. റേഷൻകടകളിൽ മുന്പ് ആരോഗ്യപ്രവർത്തകർ സന്നദ്ധ സേവകരായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ സാന്നിധ്യവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പോലീസിനും മറ്റും റേഷൻകടകളിൽ എത്തി ഗുണഭോക്താക്കളെ സാമൂഹിക അകലത്തിൽ നിർത്താൻ സാധിക്കാത്ത സാഹചര്യമുണ്ട്.
ഇതിന് ആവശ്യമായ പോലീസ് സംവിധാനം ഇല്ലാത്തതാണ് കാരണം. സാമൂഹിക അകലം പാലിക്കാതെ റേഷൻകടകളിൽ കൂട്ടംകൂടി നിൽക്കുന്ന ഉപഭോക്താക്കൾ രോഗബാധ ഭീഷണി ഉയർത്തുന്നുണ്ട്.
അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുടെ ബന്ധുക്കളും അടുത്ത് ഇടപഴകിയവരുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാത്ത പക്ഷം ഇതിന്റെ പരിണിതഫലം ഭീകരമായിരിക്കും എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ചിലയിടങ്ങളിൽ പോലീസെത്തി സാമൂഹിക അകലം പാലിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകുന്നുണ്ടെങ്കിലും പോലീസ് പോകുന്നതോടെ വീണ്ടും പഴയ പടി ആകുന്ന സാഹചര്യം ആണ് ഉണ്ടാകുന്നത്.
വിവിധ ഇടങ്ങളിൽ സേവന സന്നദ്ധരായി എത്തിയ ആരോഗ്യപ്രവർത്തകർ ക്രിയാത്മകമായി പ്രവർത്തനരംഗത്ത് ഇല്ലാത്തത് ഇത്തരം സാഹചര്യത്തിൽ വിനയായിട്ടുണ്ട്.
അതേസമയം ചിലയിടങ്ങളിൽ സന്നദ്ധ സേവകരായി എത്തിയിട്ടുള്ള ആരോഗ്യപ്രവർത്തകർ ഇപ്പോഴും ക്രിയാത്മകമായി രംഗത്തുണ്ട്. റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യ കിറ്റുകൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ കർശനമായും സാമൂഹിക അകലത്തിൽ നിർത്തണമെന്ന് അധികൃതർക്ക് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ലെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉന്നത അധികൃതരുടെ അടിയന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാണ്.