കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായെങ്കിലും അരിവിതരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്ത് 50 ശതമാനം മാത്രമാണ് ഈ മാസത്തെ അരി വിതരണം പൂർത്തിയായത്. ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ഇനിയും 50 ശതമാനം വിതരണം നടക്കാനുണ്ട്.
കുടിശിക തുക ലഭിക്കാതായതോടെ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന വിതരണക്കരാര്‍ ജീവനക്കാർ കഴിഞ്ഞ ഒന്നുമുതൽ സമരം നടത്തിയതോടെ റേഷൻകടകളിലൊന്നും സാധനങ്ങളെത്തിയിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച അവരുടെ സമരം ഒത്തുതീർപ്പായിരുന്നെങ്കിലും ഇന്നലെ റേഷൻ വ്യാപാരികൾ സമരം നടത്തിയതോടെ കടകളിലൊന്നും സാധനങ്ങളെത്തിക്കാൻ സാധിച്ചില്ല.നിലവിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ആട്ട, ഗോതമ്പ്, മട്ടയരി തുടങ്ങി എല്ലാം തീർന്നിരിക്കുകയാണ്.
റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്താൻ വൈകിയാൽ സാധാരണക്കാര്‍ക്ക് അരി കിട്ടാതാകും. ഇന്ന് മുതൽ റേഷൻകടകളിൽ സാധനം എത്തിക്കാൻ തുടങ്ങുമെങ്കിലും വിതരണം ഇന്ന് നടക്കില്ല. ഒരു ദിവസം ഏകദേശം 10 റേഷൻകടകളിൽ മാത്രമാണ് സാധങ്ങൾ എത്തിക്കാൻ സാധിക്കുക.
സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും സാധനങ്ങൾ എത്തണമെങ്കിൽ ഒരു മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. അടുത്ത മാസം പകുതിയോടെ മാത്രമേ ജനുവരി മാസത്തെ അരി വിതരണം പൂർത്തിയാക്കാൻ സാധിക്കുവെന്ന് റേഷൻകട വ്യാപാരികൾ പറയുന്നു.
- അനുമോൾ ജോയ്