കോട്ടയം: നീറിക്കാട് സപ്ലൈകോ ഗോഡൗണിൽനിന്ന് അരി കടത്തിയ സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കും.
1300കിലോ അരി കടത്തിയതായി കണ്ടെത്തിയതോടെ നിറീക്കാട് സപ്ലൈകോ ഗോഡൗണ്‍ മാനേജർ ബിനീഷിനെ സസ്പെൻഡ് ചെയ്തിരുന്നു.
അരി കടത്തുന്നതിനു നേതൃത്വം നല്കിയ ബിനീഷ്, വാഹനം നല്കിയ കരാറുകാരൻ, മൂവാറ്റുപുഴയിലെ സ്വകാര്യ മിൽ എന്നിവർക്കെതിരെ കേസെടുക്കാൻ സപ്ലൈകോ വിജിലൻസ് വിഭാഗം ശിപാർശ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടർ നടപടികളുണ്ടായേക്കും. നവംബർ ആദ്യ ആഴ്ചയിലാണ് സ്വകാര്യ മില്ലിൽനിന്ന് നിറീക്കാട്ട് ഗോഡൗണിലേക്ക് എത്തിച്ച 1300 കിലോ അരി കടത്തിയത്. 260 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയാണ് കാണാതായത്.
സംഭവം പുറത്തു വന്നതോടെ കോട്ടയം വിജിലൻസാണ് ആദ്യം അന്വേഷണം നടത്തി അരി കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്ന് അന്വേഷണം സപ്ലൈകോ വിജിലൻസ് വിഭാഗത്തിനു കൈമാറുകയായിരുന്നു. അരി കടത്തിയ സംഭവത്തിനു പുറമേ നിറീക്കാട് ഗോഡൗണുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളും സപ്ലൈകോ വിജിലൻസ് വിഭാഗം അന്വേഷിച്ചു വരികയാണ്.