കാട്ടാക്കട : റേഷൻ വിതരണം പൊല്ലാപ്പിൽ. ചിലയിടത്ത് ഒരു ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കി. റേഷൻ കടകളിലെത്തുമ്പോൾ റേഷൻ കിട്ടാത്തത് പലയിടത്തും വാക്കേറ്റത്തിനും കാരണമായി.
ഭൂരിഭാഗം കടകളിലും അഞ്ചു ദിവസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യം എത്തിക്കാൻ സിവിൽ സപ്ലൈസിനു കഴിഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. താലൂക്കിൽ ആകെ 189 റേഷൻ കടകളാണുള്ളത്. കാർഡ് നമ്പരിലെ അവസാന അക്കം കണക്കാക്കിയാണ് റേഷൻ വിതരണംചെയ്യുന്നത്.
എന്നാൽ, ചിലയിടങ്ങളിൽ ഈ കണക്കിൽ കൂടുതൽ ആളുകൾ ഉള്ളതും സൗകര്യം കണക്കാക്കി അടുത്തുള്ള കടകൾ ഗുണഭോക്താക്കൾ പരിഗണിക്കുന്നതും കാരണം പല കടകളിലും കൂടുതൽ പേർക്ക് ധാന്യം വിതരണം ചെയ്യേണ്ടിവന്നതാണ് പ്രതിസന്ധിക്കു കാരണമായി പറയുന്നത്.
എന്നാൽ, മുൻകരുതൽ എന്ന നിലയിൽ ആവശ്യത്തിനു ധാന്യം കടകളിൽ എത്തിച്ച ശേഷം റേഷൻ വിതരണം ആരംഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായതെന്ന് റേഷൻ വ്യാപാരികളുടെ സംഘടനാ ഭാരവാഹികൾ ആരോപിക്കുന്നു.
ആവശ്യത്തിനു ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടെന്നും കൂടുതൽ ഗുണഭോക്താക്കൾ കടകളിൽ സാധനം വാങ്ങാനെത്തുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അജിത് അറിയിച്ചു.
രണ്ടു ദിവസത്തിനകം റേഷൻ വിതരണം ക്രമത്തിലാകുമെന്നും നിശ്ചിത ദിവസം റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 30 വരെ റേഷൻ വാങ്ങാൻ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.