തൃശൂർ: കുരിയച്ചിറ വെയർഹൗസിൽനിന്നും റേഷൻ കടകളിലേക്ക് ചരക്ക് എത്തിക്കുന്ന ലോറികളിൽ അമിത ഭാരം കയറ്റി തിരിമറിയെന്ന് ആക്ഷേപം. ട്രിപ്പുകളുടെ എണ്ണം കുറച്ച് വണ്ടിയോട്ടത്തിൽ ലാഭം ഉണ്ടാക്കാനാണ് കരാർ പ്രകാരമുള്ള ലോഡിനേക്കാൾ അധികഭാരം കയറ്റുന്നത്.
297 റേഷൻ കടകളിലേക്കാണ് ഇവിടെനിന്നും ലോഡ് വിതരണം നടത്തുന്നത്. എല്ലാ കടകളിലേക്കും കൂടി 250ഓളം ലോഡ് വിതരണത്തിനുണ്ട്. ഒരു ലോഡിൽ 100 ക്വിന്റൽ(200 ചാക്ക്) വിതരണത്തിനാണ് പെർമിറ്റുള്ളത്. എന്നാൽ ഓരോ വാഹനത്തിലും 150ഓളം ക്വിന്റൽ ലോഡ് ആണ് വിതരണത്തിന് കൊണ്ടുപോകുന്നത്.
കരാർപ്രകാരമുള്ള വിതരണവും അനുവദനീയമായ ലോഡിന്റെ എണ്ണവും പരിശോധിക്കാൻ അധികൃതരില്ലാത്ത അവസ്ഥയാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ചാണ് കരാറിൽനിന്നും വ്യത്യസ്തമായി ഇത്തരത്തിൽ തിരിമറി നടത്തുന്നതെന്നാണ് ആരോപണം.
നിയമപരമായി നടപടിയെടുക്കേണ്ട ആർടിഒയും ഉദ്യോഗസ്ഥരും ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന്റെ തൃശൂർ സെൻട്രൽ വെയർഹൗസിംഗ് ഗോഡൗണ്‍, കൊട്ടേക്കാട് ഗോഡൗണ്‍ എന്നിവിടങ്ങളിൽനിന്നാണ് അനധികൃതമായി ഇത്തരത്തിൽ അധികം ലോഡ് കയറ്റിപ്പോകുന്നത്.