കോഴിക്കോട്: ഒരു മാസത്തിനപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ കേരളത്തില്‍ ഇടതുപക്ഷത്തിന് ‘മസ്റ്ററിംഗ് ആശങ്ക’. പ്രചാരണം കൊഴുപ്പിക്കാന്‍ കോപ്പുകൂട്ടുന്നതിനിടെ റേഷന്‍ കടകള്ക്കുമുന്നിലുള്ള മസ്റ്ററിംഗ് ക്യൂ വലിയ രാഷ്ട്രീയ തിരിച്ചടി നല്‍കുമെന്ന ആശങ്ക എൽഡിഎഫിനുണ്ട്.
പ്രത്യേകിച്ചും ഭക്ഷ്യവകുപ്പ് കൈയാളുന്ന സിപിഐയ്ക്ക്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. നേരത്തെത്തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത്.
ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഇതുമൂലം താത്കാലികമായി മസ്റ്ററിംഗ് നിർത്തിവച്ചിരിക്കുകയാണ്. പൊരിവെയിലത്ത് ഇനിയും ജനത്തെ ക്യൂവില്‍ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതുണ്ടാക്കിയേക്കാവുന്ന തിരിച്ചടി ചെറുതായിരിക്കില്ല.
റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിംഗും ഇ- പോസ് മെഷീന് മെഷീന് വഴി സാധ്യമല്ല. മാസാവസാനം റേഷന്‍ വിതരണം മുടങ്ങിയാലുണ്ടാകുന്ന പ്രതിസന്ധിവേറെ.അതേസമയം സര്‍ക്കാരിനെതിരേ റേഷന്‍ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. ഇ-പോസ് മെഷീനിന്റെ സാങ്കേതിക പിഴവും മെല്ലെപ്പോക്കും നിരവധിത്തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് വ്യാപാരികള്‍ പറയുന്നു.
മെഷീന് ഹാങ്ങാവുന്നതുമൂലം വലിയ രീതിയിലുള്ള സമയനഷ്ടം നേരത്തെമുതൽ റേഷന്‍ വിതരണത്തില്‍ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിന്റെ പരിണതഫലമാണിതെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. അതിനിടെ പുതിയ സെർവർ വാങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് നിര്‍ബന്ധ നിര്‍ബന്ധമാണ്. മഞ്ഞ-പിങ്ക് കാര്‍ഡ് ഉടമകള്‍ നിര്ബനിര്ബന്ധമായും മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഒരുകോടി അമ്പത്തിനാല് ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത് 22 ലക്ഷത്തോളം ആളുകള്‍ മാത്രമാണ്.