കോട്ടയം: റേഷൻ പഞ്ചസാര നിലച്ചതോടെ പൊതുവിപണിയിൽ വില കയറാൻ സാധ്യതയേറി. പൊതു വിപണിയിൽ 45 രൂപയ്ക്കു മുകളിലാണ് വില. ഏപ്രിൽ മുതൽ പഞ്ചസാര വിതരണത്തിന് സബ്സിഡി തുക അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെത്തുടർന്നാണ് പഞ്ചസാര നിലച്ചത്.
ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം വിതരണംചെയ്യുന്ന ഭക്ഷ്യസാധനങ്ങളിൽ പഞ്ചസാര ഉൾപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. അര നൂറ്റാണ്ടായി നിലനിന്ന റേഷൻകട വഴിയുള്ള പഞ്ചസാരവിതരണമാണ് ഇതോടെ നിലച്ചിരിക്കുന്നത്. സാന്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് റേഷൻ നിലച്ചത് ബാധ്യതയായിരിക്കുന്നത്.
കഴിഞ്ഞ കേന്ദ്രബജറ്റിൽ പഞ്ചസാര സബ്സിഡിക്ക് സംസ്ഥാനങ്ങൾക്ക് പണം നീക്കിവച്ചില്ല. മുൻബജറ്റിൽ 4500 കോടി രൂപ നീക്കിവച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ പഞ്ചസാര വാങ്ങി സബ്സിഡി നിരക്കിൽ വിതരണംചെയ്യാമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം.
ബിപിഎൽ കുടുംബങ്ങൾക്ക് കിലോഗ്രാമിന് 13.50 രൂപയായിരുന്നു റേഷൻ പഞ്ചസാരയ്ക്കു വില. കിലോയ്ക്ക് 32 രൂപയാണ് കേന്ദ്രസബ്സിഡി അനുവദിച്ചിരുന്നത്. സംസ്ഥാനം സ്വന്തംനിലയിൽ റേഷൻ പഞ്ചസാര വിതരണം ചെയ്യണമെങ്കിൽ പ്രതിമാസം ഒന്പത് കോടി രൂപ കണ്ടെത്തണം.
മാർച്ചിലെ വിഹിതം പഞ്ചസാര ഇപ്പോൾ റേഷൻ കടകളിൽ വിതരണത്തിനുണ്ട്. അർഹതപ്പെട്ട എല്ലാവർക്കും ഇത് വിതരണം ചെയ്യാൻ കഴിയും എന്ന് ഉറപ്പില്ലാത്തതിനാൽ സർക്കാർ ഇതിന്റെ വിതരണം നിർത്താൻ നിർദേശിച്ചിരിക്കുകയാണ്.