തൃശൂർ: മണ്ണുത്തി മുല്ലക്കരയിലെ എ.ആർ.ഡി 354 റേഷൻ കടയിലേക്ക് സപ്ലൈകോ വിതരണം നടത്തിയ കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷനരിയിൽ ചെള്ളും എലിക്കാട്ടവും കണ്ടെത്തി.
ഭക്ഷ്യസുരക്ഷ അതോറിറ്റി അധികൃതർ പരിശോധന നടത്തി അരി നശിപ്പിച്ചു കളയാൻ ജില്ല സ്പ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി അരി തിരിച്ചയച്ചു. കാക്കനാട് ലാബിലേക്കും അരി പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഈ റേഷൻ കടയിൽ ഭക്ഷ്യധാന്യങ്ങൾ തൂക്കത്തിൽ വെട്ടിപ്പ് നടത്തി വാതിൽപടി വിതരണം നടത്തുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു. രണ്ടുതവണ ജില്ല കളക്ടർ സപ്ലൈ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയിരുന്നില്ല.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇക്കാര്യം പരിശോധിച്ചപ്പോൾ അന്പതു കിലോയുടെ ചാക്കിൽ 47 കിലോ മാത്രമേയുണ്ടായിരുന്നുള്ളു.
നേർകാഴ്ച സമിതിയും നാട്ടുകാരും സംഘടിച്ചാണ് ലീഗൽ മെട്രോളജി വകുപ്പിനേയും ഭക്ഷ്യസുരക്ഷ വകുപ്പിനേയും അറിയിച്ച് പരിശോധന നടത്തിച്ചത്.