കരുനാഗപ്പള്ളി : റേഷനരി പേര് മാറ്റി ബ്രാൻഡഡ് പേരുകളിൽ വിൽപന നടത്തുന്ന കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ റേഷൻ സാധനങ്ങളും ഇത് കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങളും പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് പിടിയിലായി. വട്ടപറമ്പ് റജീന മൻസിലിൽ നൗഷാദ് ആണ് പിടിയിലായത്. റേഷൻ സാധനങ്ങൾ ആധുനിക രീതിയിൽ സംസ്കരിച്ച് ബ്രാൻഡഡ് പേരുകളിൽ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ശ്രീ അമൃത, ചോയ്സ്, ആർ കെ എം, ചാമ്പ്യൻ എന്നീ പേരുകളിലാണ് അരി പായ്ക്കു ചെയ്തിരുന്നത്. ഇവ പായ്ക്കു ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും,164 ചാക്ക് അരി, ഗോതമ്പ് എന്നിവയും പിടിച്ചെടുത്തു. അരി കൊണ്ടു പോകുന്നതിനായി ഉപയോഗിക്കുന്ന പിക് അപ് വാൻ, എയിസ്,ഇന്നോവ കാർ എന്നീ വാഹനങ്ങളും പിടികൂടി.
പ്രതിയുടെ സഹോദരൻ നിസാറും കേസിൽ പ്രതിയാണെന്നും ഇയാൾക്കു വേണ്ടിഅന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന റേഷൻ സാധനങ്ങൾ റോഡ് സൈഡിലുള്ള വീടിന്റെ പോർച്ചിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി സി ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.