പറവൂർ: വൈപ്പിൻ കരയിലെ റേഷൻ കടകൾ വഴി കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ പറവൂരിലെ വാണിയക്കാട് വെയർഹൗസിങ്ങ് ഗോഡൗണിൽ എത്തിച്ചത് ഉപയോഗശൂന്യമായ അരി.
അരിയോടൊപ്പം കീടനാശിനി പായ്ക്കറ്റുകൾ കാണപ്പെടുകയും, ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ തൊഴിലാളികൾ അരിഇറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയച്ചു.
കാലടിയിലെ മില്ലിൽ നിന്നും എത്തിച്ചതായിരുന്നു അരി. ദുർഗന്ധം വമിക്കുന്നതും കീടനാശിനി പാക്കറ്റുകൾ ഇട്ടതുമായിരുന്നു മിക്ക ചാക്കുകളും.
ഇതിൽ തന്നെ പലതും പൊട്ടിയതും ആയിരുന്നു. മുൻപ് ഇതുപോലുള്ള അരി ചാക്ക് ഇറക്കിയപ്പോൾ ചൊറിച്ചിലിൽ വലഞ്ഞതാണ് അരി ഇറക്കാൻ തൊഴിലാളികൾ വിസമ്മതിക്കാൻ കാരണം.
തുടർന്നാണ് ഗോഡൗൺ അസിസ്റ്റന്റ് സുമേഷ് ലോഡ് പരിശോധിച്ചു ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ട് മടക്കി അയച്ചത്. സർക്കാർ സംഭരിച്ച നെല്ല് മില്ലുകൾക്ക് നൽകി നിശ്ചിത അളവിൽ അരി വാങ്ങുകയാണ് ചെയ്യുന്നത്.
പലപ്പോഴും പുതിയ അരി പൊതു വിപണിയിലേക്ക് പോവുകയാണ് പതിവ്. പകരം മില്ലുകളിലെ പഴകിയ അരി റേഷൻ വിതരണത്തിന് നൽകും. ഇത്തരം റൈസ് മില്ലുകളെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.