ആര്യങ്കാവ് : തമിഴ് നാട്ടില്‍ നിന്നും റേഷന്‍ അരി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവും, സഹായിയും അറസ്റ്റില്‍.
ആര്യങ്കാവ് നെടുമ്പാറ സ്വദേശിയും സിപിഎം മുന്‍ ലോക്കല്‍കമ്മിറ്റി അംഗവും സിഐടിയു, കര്‍ഷക സംഘം നേതാവുമായ മനോജ്, ഇയാളുടെ സഹായി സജി എന്നിവരെയാണ് പുളിയറ പോലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ അറസ്റ്റ് ചെയ്തത്.
പവൂസത്രത്തില് നിന്നും പച്ചക്കറി കയറ്റിയ പിക്കപ്പില്‍ പച്ചക്കറിയുടെ മറവില്‍ റേഷനരി കടത്താന്‍ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്.
തമിഴ്നാട്ടില്‍ നല്കുന്ന റേഷനരി കേരളത്തിലേക്ക് കടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പുളിയറ ഭാഗത്താണ് പോലീസ് വാഹന പരിശോധന നടത്തുകയും 1600 കിലോ അരിയും ഇത് കടത്താന്‍ ഉപയോഗിച്ച പിക്കപ്പും പ്രതികളെയും പിടികൂടുന്നത്.
തമിഴ്നാട്ടില്‍ തുച്ചമായ വിലക്ക് ലഭിക്കുന്ന റേഷന്‍ അരി വാങ്ങി കേരളത്തില്‍ എത്തിച്ചു പോളിഷ് ചെയ്ത ശേഷം പൊന്നി അരി എന്ന വ്യാജേന വന്‍തുകക്ക് വില്‍പ്പന നടത്തുകയാണ് പിടിയിലായവര്‍ ചെയ്യുന്നതെന്ന് പുളിയറ പോലീസ് പറയുന്നു.
രണ്ടാഴ്ച മുമ്പ് കൊട്ടവാസലില് കടയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ അരിശേഖരം പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും ഒരു സിപിഎം പ്രവര്ത്തകന് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മനോജ് അരികടത്തിയത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത് ആര്യങ്കാവില്‍ ഉള്ള ഒരു സിപിഎം പ്രവര്ത്തകന് ആണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വാഹനത്തിന്റെ ഫോട്ടോ സാഹിതം തമിഴ്നാട് സിഐഡി വിഭാഗത്തിനു അയച്ചു നല്‍കുകയായിരുന്നു എന്നാണു വിവരം.