സ്വന്തം ലേഖകൻ
തൃശൂർ: കൊറേണക്കാലത്തു കേന്ദ്ര സർക്കാർ വിതരണത്തിന് എത്തിച്ച സൗജന്യ റേഷനരിയിൽ ചെള്ളുകളുണ്ടെന്നും ഭക്ഷ്യയോഗ്യമല്ലെന്നും പരിശോധനാഫലം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാഫലത്തിലാണ് ഈ വിവരം.
ജൂണ്‍ 30 നു മണ്ണുത്തി മുല്ലക്കരയിലെ റേഷൻകടയിലേക്കു കുരിയിച്ചിറ ഗോഡൗണിൽനിന്ന് സപ്ലൈകോ വാതിൽപ്പടി വഴി വിതരണത്തിനു കൊണ്ടുവന്ന ലോറിയിലെ 87 അരിച്ചാക്കുകളിൽ ചെള്ളുകൾ കണ്ടിരുന്നു.
നാട്ടുകാരും നേർക്കാഴ്ച സമിതി പ്രവർത്തകരും തൃശൂർ ഭക്ഷ്യ സുരക്ഷാ വകുപ്പിനേയും ലീഗൽ മെട്രാളജി വകുപ്പിനേയും വിവരം അറിയിച്ചു. ഇരുവിഭാഗങ്ങളും നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം തൂക്കം ഉണ്ടാകേണ്ട അരിച്ചാക്കുകളിൽ 47.100 മാത്രമായിരുന്നു തൂക്കമെന്നു കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ ഓഫീസർ പരിശോധിച്ചപ്പോൾ അരിച്ചാക്കുകളിൽ ചെള്ളുകൾ കണ്ടിരുന്നു. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയ അരിയുടെ സാന്പിൾ എടുത്ത് എറണാകുളം റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും വാഹനത്തിലുള്ള ധാന്യങ്ങൾ തിരികെ അയയ്ക്കുകയും ചെയ്തിരുന്നു.
നേർകാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷിനു വിവരാവകാശ നിയമ പ്രകാരം ലഭിച്ച പരിശോധനാഫലത്തിൽ ജീവനുള്ളതും ചത്തതൂമായ കീടങ്ങൾ ഉണ്ടെന്നും ഭക്ഷ്യയോഗ്യമല്ലന്നും പറയുന്നു.
ജനുവരിയിൽ ചെള്ളുനിറഞ്ഞ അരി വിതരണം ചെയ്ത സംഭവത്തിൽ റേഷൻ വ്യാപാരി, അരി മാസങ്ങളോളം മനപ്പൂർവം പഴകിപ്പിച്ച് കേടുവരുത്തിയതാണെന്ന് ആരോപിച്ച് വ്യാപാരിയുടെ തലയിൽ കെട്ടിവയ്ക്കുകയാണ് അധികാരികൾ ചെയ്തത്.
ഇതിനെതിരേ നൽകിയ പരാതിയിൽ നടപടികളെടുക്കാൻ അധികൃതർ തയാറായിട്ടില്ല. നിയമനടപടി സ്വീകരിക്കുമെന്നു നേർകാഴ്ച സെക്രട്ടറി പി.ബി. സതീഷ് അറിയിച്ചു.