കോട്ടയം: റേഷൻ കടകളിൽ വിതരണത്തിന് നിലവാരം കുറഞ്ഞ അരി. കഴിഞ്ഞ കൃഷികളിൽ സപ്ലൈകോ സംഭരിച്ച നെല്ലിനു പകരം തീരെ മോശം അരി വിതരണത്തിനെത്തിച്ചതിനു പിന്നിൽ വൻ അഴിമതിയുള്ളതായി സൂചന. എഫ്സിഐ ഗോഡൗണുകളിൽ നിന്ന് എത്തിച്ചിരിക്കുന്ന പച്ചരിയും ചാക്കരിയും നിലവാരം കുറഞ്ഞതാണെന്ന് റേഷൻ ഡീലർമാരും പരാതിപ്പെടുന്നു.
ക്രിസ്മസ്, പുതുവർഷ സീസണിൽ റേഷൻ വാങ്ങാൻ തിരക്കുള്ള വേളയിലാണ് ഗുണമേൻമ കുറഞ്ഞ അരി വൻതോതിൽ വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച് സ്വകാര്യ മില്ലുകളിൽ കുത്തിനൽകാൻ ഏൽപ്പിച്ച നെല്ല് വൻകിട മില്ലുകാർ സ്വന്തം ബ്രാൻഡിൽ വിറ്റഴിച്ച ശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്ന് മോശം അരി സിവിൽ സപ്ലൈസ് കോർപറേഷന് തിരികെ നൽകുന്നതായി എക്കാലവും പരാതിയുണ്ട്.
ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിൽ നിന്ന് വിളവെത്താതെ കൊയ്ത അരിയാണ് മില്ലുടമകൾ തിരികെ നൽകാറുള്ളതെന്ന് പറയുന്നു. സ്വകാര്യമില്ലുകളിൽ പരിശോധന നിലച്ചതോടെയാണ് മോശം അരി വൻതോതിൽ വിതരണത്തിന് എത്തിത്തുടങ്ങിയത്.
രണ്ടു വർഷത്തിലേറെ പഴക്കമുള്ള ചാക്കരിയാണ് എഫ്സിഐ ഗോഡൗണുകളിൽ സ്റ്റോക്കുള്ളത്. കാലിത്തീറ്റയായി ലേലം ചെയ്യേണ്ട അരി കേരളത്തിൽ എത്തിച്ചതിനെതിരേ നടപടിയൊന്നുമില്ല.