കാടുകുറ്റി: മണ്ടിക്കുന്ന് കനാൽ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ദീപം അലുമിനീയം ഇൻഡസ്ട്രീസിൽ നിന്നും മതിയായ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച അഞ്ചു ടണ്‍ അരി പിടിച്ചെടുത്തു.
ഇതിനു പുറമെ മറ്റെവിടെയെങ്കിലും അരി സൂക്ഷിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു വരുന്നതായും താലുക്ക് സപ്ലെ ഓഫീസർ ടി.ജെ. ആശ പറഞ്ഞു. പിടിച്ചെടുത്ത അരി റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മട്ട അരിയും വെള്ള അരിയുമാണെന്നാണ് സൂചന.
അന്വേഷണത്തിൽനിന്നും റേഷൻ അരി തന്നെയാണെന്നാണ് മനസിലാക്കുന്നതെന്നും ടിഎസ്ഒ പറഞ്ഞു. എലുവത്തിങ്കൽ എബി ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ ഇതര സംസ്ഥാന തൊഴിലാളികളടക്കം ഒട്ടേറെ പേർ ജോലി ചെയ്യുന്നുണ്ട്.
കെട്ടിടത്തിന്റെ ഗോഡൗണ്‍ സമാനമായ സ്ഥലത്ത് വലിയ ടാങ്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ ആരംഭിച്ച പരിശോധന രാത്രി പതിനൊന്നുവരെ നീണ്ടു.
പിടിച്ചെടുത്ത നൂറു ചാക്ക് അരി സപ്ലൈകോയുടെ കൊന്പൊടിഞ്ഞാമക്കിലുള്ള ഗോഡൗണിലേക്കു കൊണ്ടുപോയി. തുടർനടപടിക്കായി റിപ്പോർട്ട് കളക്ടർക്കു സമർപ്പിക്കുമെന്നു സപ്ലൈ ഓഫീസർ പറഞ്ഞു.
റേഷൻ വിതരണ ശൃംഖലയുമായി ഇദ്ദേഹത്തിനുള്ള ബന്ധം കൂടുതൽ അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്നാണ് കരുതപ്പെടുന്നത്.
സപ്ലൈ ഓഫീസർ ടി.ജെ ആശക്കു പുറമെ പരിധിയിലെ മുഴുവൻ റേഷനിംഗ് ഇൻസ്പെക്ടർമാരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കൊരട്ടി എസ് ഐ രാമു ബാലചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ക്യാന്പ് ചെയ്തിരുന്നു.
സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ
കാടുകുറ്റി: പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുവാൻ സർക്കാർ ഏർപ്പെടുത്തിയ റേഷനിംഗ് സംവിധാനം ദുരുപയോഗം ചെയ്തവർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ. വിഷയത്തിൽ പഴുതുകളടച്ച അന്വേഷണത്തിലൂടെ കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണം.
റേഷൻകടകളിലെ ക്രമക്കേടുകൾ തടയാൻ ബയോമെട്രിക് രീതി ഓണ്‍ലൈൻ സംവിധാനത്തിലൂടെ നടപ്പിലാക്കിയത് ഒരു പരിധി വരെ ഫലം കണ്ടിരുന്നു. എന്നാൽ റേഷൻ വിതരണത്തിലെ സുതാര്യത അട്ടിമറിക്കാൻ നടത്തുന്ന ഇത്തരം സംഭവങ്ങളുടെ മുഴുവൻ സാധ്യതകളും പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.