ചിറ്റൂർ : റേഷനരി കടത്തിൽ ശിക്ഷ നടപടികൾ ഫലപ്രഥമല്ലാത്തതിനാൽ തമിഴ്നാട് അതിർത്തി ഉൗടുവഴികൾ കേന്ദ്രീകരിച്ച് റേഷനരി കടത്തിക്കൊണ്ടുവരുന്ന സംഘങ്ങൾ സജീവം.
ദിനംപ്രതി അതിർത്തി കടന്നെത്തുന്നത് ടണ് കണക്കിന് തമിഴ്നാട് റേഷനരിയാണ്. നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, വേലന്താവളം, ഒഴലപ്പതി, എല്ലപ്പെട്ടൻ കോവിൽ എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകൾക്ക് സമാന്തരമായി തെങ്ങിൻ തോപ്പികളിലൂടെയുള്ള ഉൗടുവഴികളാണ് അരികടത്ത്.
കൊഴിഞ്ഞാംപാറ, വടകരപ്പതി, എരുത്തേന്പതി പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി സംഘങ്ങളാണുള്ളത്. ഇവർക്ക് ചില പ്രദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പിന്തുണയുമുണ്ട്.
മുൻകലങ്ങളിൽ ഈ സംഘങ്ങൾ തമ്മിലുള്ള അഭിപ്രയവ്യത്യാസം നിരവധി സംഘട്ടനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ സർക്കാർ സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷനരി അതിർത്തി കടന്നാൽ പാലക്കാടൻ മട്ടയരിയും പൊന്നിയരിയുമായി മാറുന്നു.
തമിഴ്നാട് സർക്കാർ സൗജന്യമായി നൽകുന്ന അരി അഞ്ചു രൂപയ്ക്കും മറ്റും അവിടത്തെ ഇടനിലക്കാരെ ഉപയോഗിച്ച് പല ഭാഗങ്ങളിലുമായി വാങ്ങി ശേഖരിച്ചു വെച്ച ശേഷം ഇവയെല്ലാം ഇടനിലക്കാർ മുഖേന അതിർത്തി പ്രദേശത്തുള്ള ചില രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് അവിടെ നിന്ന് ഉൗടുവഴികളിലുടെ കട ത്തുകയാണ് പതിവ്.
രാത്രികാലങ്ങളിൽ ലോറികളിലും പെട്ടി ഒട്ടോറിക്ഷകളിലുമായി കൊഴിഞ്ഞപാറ, നല്ലേപ്പിള്ളി, കൊടുവായൂർ, കൊല്ലങ്കോട്, എന്നിവിടങ്ങളിലെ ചില മില്ലുകളിൽ എത്തിച്ച് അവിടന്ന് പോളിഷ് ചെയ്ത ശേഷം വിവിധ കന്പനികളുടെ പേരിൽ വിപണിയിലെത്തിക്കും.
ഒന്നാം തരം പാലക്കാടൻ മട്ടയരിയും പൊന്നിയരിയുമൊക്കെയായി കിലോഗ്രാമിന് 30 രൂപ മുതൽ 45 രൂപ നിരക്കിലാണ് വില്പന.ഉൗടുവഴികളിലൂടെ അരികടത്തികൊണ്ടുവരുന്നതിന് തോട്ടം ഉടമകൾക്ക് കടത്തുന്ന വാഹനത്തിന്റെ വലുപ്പമനുസരിച്ച് 200 രൂപ മുതൽ 500 രൂപ വരെ കൊടുക്കുന്നുണ്ട്.
വഴിയിൽ പരിശോധന ഇല്ലെന്ന് ഉറപ്പ് വരുത്താൻ ബൈക്കുകളിൽ യുവക്കളുടെ ഒരു സംഘം റോന്തുചുറ്റി അപ്പപ്പോഴുള്ള വിവരങ്ങൾ ഫോണിലൂടെ വാഹനത്തിലുള്ളവരെ അറിയിക്കും.
ഇതെല്ലാം മറികടന്ന് രഹസ്യ വിവരങ്ങളെ തുടർന്ന് പലപ്പോഴും പോലീസ് പിടികൂടുന്ന തമിഴ്നാട് റേഷനരി നിയമ നടപടികൾക്കായി ബന്ധപ്പെട്ട സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥാർക്ക് കൈമാറുകയാണ് പതിവായി ചെയ്തു വരുന്നത്.
അരി കടത്തു കേസുകളിൽ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കത്തതും കള്ളക്കടത്തിനു സഹായമാവുന്നു. കൊഴിഞ്ഞാംപാറ പോലീസ് സ്റ്റേഷനിൽ മാത്രം കുറച്ച് മാസങ്ങൾക്കുള്ളിൽ നൂറ് ടണ്ണോളം റേഷനരിയാണ് പിടിക്കൂടിയത്.