ചാത്തന്നൂർ: ദേശീയപാതയിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച 760 ചാക്ക് റേഷനരി പാരിപ്പള്ളി പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളിയിൽ നിന്ന് ആദ്യ ലോറി പിടികൂടിയ പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് ശേഷിക്കുന്ന ലോറികൾ മുക്കട, കാരംകോട് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്.
തുടർന്ന് കൊല്ലം താലൂക്ക് സപ്ലൈ ഒാഫീസറുടെ നേതൃത്വത്തിൽ അരി പരിശോധിച്ച് റേഷനരിയാണെന്ന് ഉറപ്പാക്കി.
സംഭവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശിയും ഗോഡൗൺ ഉടമയുമായ കാർത്തികേയൻ, ലോറി ഡ്രൈവർമാരായ സനിൽകുമാർ (39), ശിവപ്രസാദ്(42), അനിൽകുമാർ(41) എന്നിവർക്കെതിരെ കേസെടുത്തു.
കാർത്തികേയന്റെ ഗോഡൗണിൽ രണ്ട് രൂപയ്ക്കുള്ള റേഷനരി സംഭരിച്ച് പുതിയ ചാക്കിൽ നിറച്ച് കാലടിയിലെത്തിക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അവിടെ വച്ച് അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് ചേർത്ത് റോസ് അരിയാക്കി അമ്പത് രൂപയ്ക്ക് വിപണിയിൽ വില്പന നടത്തും.
കാർത്തികേയന്റെ പൂവാറിലുള്ള ഗോഡൗണിലും പോലീസും സപ്ലൈ ഒാഫീസർമാരും ചേർന്ന് റെയ്ഡ് നടത്തി. പ്രതികൾക്കെതിരെ എസെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് അനുസരിച്ച് കേസെടുത്തതായും പിടിച്ചെടുത്ത വാഹനം അരിയുൾപ്പെടെ കളക്ടർക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു.
പാരിപ്പള്ളി എസ്.ഐ രാജേഷ്, ശ്രീകുമാർ, എ.എസ്.ഐമാരായ സുധീർ, ദിലീപ്, എസ്.സി.പി.ഒമാരായ രമേഷ്, അഖിലേഷ്, ഷിബു, ജയിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.