മാവേലിക്കര: സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽനിന്നു 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ സപ്ലൈകോ ജീവനക്കാരനും കരാറുകാരനും സഹായികളും അറസ്റ്റിൽ.
തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര അശ്വനി വീട്ടിൽ രാജു (52), ചെറുതന ആയാപറമ്പ് പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ് (61), ഇയാളുടെ സഹായി ചെറിയനാട് കിഴക്കുംമുറിയിൽ പ്ലാന്തറയിൽ വീട്ടിൽ സുകു (54), ലോറി ഡ്രൈവർ ഹരിപ്പാട് തുലാമ്പറമ്പ് കിഴക്ക് നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്.
തട്ടാരമ്പലം ഗോഡൗൺ ഓഫീസർ ഇൻ ചാർജ് ചെന്നിത്തല ഓഫീസിൽ ബിൽ തയാറാക്കാൻ പോയ സമയത്താണ് മിനി ലോറിയിൽ ഇവർ സാധനങ്ങൾ കടത്തിയത്.
കടത്തിയ ഭക്ഷ്യധാന്യ ചാക്കുകൾ ചെങ്ങന്നൂരിലെ റേഷൻ കടകളിൽനിന്നു കണ്ടെടുത്തു. എസ്ഐമാരായ ഇ. നൗഷാദ്, അലി അക്ബർ.സി.എച്ച്, എസ് സിപിഒമാരായ ഷൈജു സി.എം, ലിമു മാത്യു, പ്രദീപ്.ജി, വിനോദ് കുമാർ.ആർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.