മങ്കൊമ്പ്: സൗജന്യ ഓണക്കിറ്റുകളുടെ വിതരണമടക്കം ഉപേക്ഷിച്ചതിനുപിന്നാലെ റേഷൻകടകളിൽ അവശ്യവസ്തുക്കളുമെത്തുന്നില്ലെന്നു പരാതി.
ഓണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും വിതരണം ചെയ്യേണ്ട സാധനങ്ങൾ ഇതുവരെയും റേഷൻ കടകളിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് ചില്ലറ റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നത്.
ഓണം പ്രമാണിച്ചു നീല, വെള്ള കാർഡുടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരിയും ആട്ടയുമടക്കം താലൂക്കിലെ 60 ശതമാനം കടകളിലും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല.
റേഷൻ കടകൾക്കു സാധനങ്ങളെത്തിക്കേണ്ട ഡോർ ഡെലിവറി സമ്പ്രദായത്തിലെ അപാകതകളാണ് സാധനങ്ങളെത്താൻ വൈകുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
പുതിയ കരാറുകാരാണ് ഡോർ ഡെലിവറി സേവനത്തിനായി കരാർ എടുത്തിട്ടുള്ളത്. സാധനങ്ങളെത്തിക്കുന്നതിൽ ഇവർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നിലവിലെ സ്ഥിതി തുടരുന്നത് ഓണക്കാലത്തു കൂടുതൽ ബുദ്ധമുട്ടുകളുണ്ടാക്കുമെന്ന് ഇവർ പറയുന്നു. മാസാവസാനം ഓണത്തിനുശേഷം റേഷൻ കടകൾ അവധിയായതിനാൽ, ഈ മാസത്തെ റേഷൻ വാങ്ങാൻ കാർഡുടമകൾക്ക് ഇനിയും വെറും 10 ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് വ്യാപാരികളും കാർഡുടമകളും തമ്മിലുള്ള തർക്കളിലേക്കെത്തിക്കും.
ഇക്കാര്യങ്ങൾ പരിഗണിച്ചു വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നു ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. വിശ്വനാഥപിള്ളയുടെ അധ്യക്ഷത വഹിച്ചു.